മുംബൈ : ഇന്ധന വില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന.
ആഗോളവിപണിയില്‍ എണ്ണവില കുറഞ്ഞിട്ടും ഇന്ത്യയില്‍ വില കൂട്ടി തന്നെ നിലനിര്‍ത്തുന്നത് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി ജപ്പാനില്‍ നിന്നെടുത്ത വായ്പയുടെ പലിശ അടയ്ക്കുന്നതിനാണോ എന്ന് ശിവസേന ആരാഞ്ഞു.
ശിവസേന മുഖപത്രമായ സാമ്‌നയില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് ഈ വിമര്‍ശനമുള്ളത്.
വിലക്കയറ്റത്തെക്കുറിച്ച് സര്‍ക്കാരിലുള്ളവര്‍ സംസാരിക്കാന്‍ തയാറല്ലെന്നും, പുറത്തുള്ളവര്‍ ഇക്കാര്യം സംസാരിക്കാനും അവര്‍ ആഗ്രഹിക്കുന്നില്ലെന്നും, ഇന്ധന വില മുകളിലേക്ക് പോകുമ്പോള്‍ സാധാരണക്കാരാണ് അതിന്റെ ബാധ്യത വഹിക്കേണ്ടി വരുന്നതെന്നും എഡിറ്റോറിയലില്‍ വ്യക്തമാക്കുന്നു.
മാത്രമല്ല, നാല് മാസത്തിനിടെ 20 ശതമാനം ഇന്ധന വില കൂട്ടിയിട്ടും ഭരണത്തിലുള്ളവര്‍ അതിനെ പിന്തുണക്കുന്നെങ്കില്‍ അത് ശരിയല്ല എന്നും ശിവസേന കുറ്റപ്പെടുത്തുന്നു.
ഇന്ധന വിലവര്‍ധനയാണ് രാജ്യത്ത് കര്‍ഷക ആത്മഹത്യ കൂടാന്‍ പ്രധാന കാരണമെന്നും കഴിഞ്ഞദിവസം സാമ്‌ന വിമര്‍ശിച്ചിരുന്നു.