മുംബൈ: ലക്ഷദ്വീപ് നിവാസികളുടെ നിലപാടിനെ പിന്തുണച്ച് ശിവസേന രംഗത്ത്. തദ്ദേശവാസികളെ വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായി കേന്ദ്രം മുന്നോട്ടുപോയാല്‍ രാജ്യത്ത് വര്‍ഗീയ ചേരിതിരിവിനും അസ്വസ്ഥതയ്ക്കും അതു കാരണമാകുമെന്നു ശിവസേന മുന്നറിയിപ്പു നല്‍കി.
കേന്ദ്രഭരണ പ്രദേശങ്ങളില്‍ കഴിയുന്നവരുടെ വികാരം കണക്കിലെടുക്കാതെ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ നടപ്പാക്കിയാല്‍ അത് വലിയ അസ്വസ്ഥതകള്‍ക്കു കാരണമാകും. അതിന് രാജ്യം മുഴുവന്‍ വില നല്‍കേണ്ടി വരും.
ലക്ഷദ്വീപിന്റെ വികസനത്തിന് ആരാണ് എതിരു നില്‍ക്കുന്നത്? വികസനത്തിന്റെ പേരു പറഞ്ഞ് മറ്റ് അജന്‍ഡകള്‍ നടപ്പാക്കുന്നതിനെയാണ് പ്രദേശവാസികള്‍ എതിര്‍ക്കുന്നത്. നിയമം എല്ലാവര്‍ക്കും ഒന്നായിരിക്കണം. ബിജെപി ഭരിക്കുന്ന ഗോവയില്‍ ബീഫ് നിരോധിക്കാതിരിക്കുകയും ലക്ഷദ്വീപില്‍ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്യുമ്പോഴാണ് പല സംശയങ്ങളും ഉടലെടുക്കുന്നതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.