എന്‍സിപി, കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ച ശിവസേനയ്ക്ക് പുതിയ തലവേദന. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വിമര്‍ശിച്ച് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ട വ്യക്തിയെ വീട്ടില്‍ നിന്നും പിടിച്ചിറക്കിയ ശിവസേനക്കാര്‍ മര്‍ദ്ദിക്കുകയും, തല മൊട്ടയടിക്കുകയും ചെയ്തതാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. മുംബൈ വഡാല ഈസ്റ്റിലെ ശാന്തി നഗര്‍ മേഖലയിലാണ് സംഭവങ്ങള്‍.
ഡല്‍ഹിയിലെ ജാമിയ മിലിയ ക്യാംപസില്‍ നടന്ന പോലീസ് അതിക്രമങ്ങളെ ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയുമായി മഹാരാഷ്ട്ര മുഖ്യന്‍ താരതമ്യം ചെയ്തിരുന്നു. ഇതിനെ വിമര്‍ശിച്ചാണ് ഹിരാമണി തിവാരി എന്നയാള്‍ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്. ഇതിനെതിരെയാണ് ശിവസേന പ്രവര്‍ത്തകര്‍ ഇയാളുടെ വീട്ടിലെത്തി അക്രമം അഴിച്ചുവിട്ടത്.
അക്രമങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത് ശിവസേനയ്ക്ക് നാണക്കേടായി. അസഭ്യം വിളിച്ചും, മര്‍ദ്ദിച്ചും തിവാരിയെ ഉപദ്രവിച്ച ശേഷമാണ് ബലംപ്രയോഗിച്ച് മൊട്ടയടിച്ചത്. ഉദ്ധവ് താക്കറെയെ വിമര്‍ശിച്ച് പോസ്റ്റിട്ടതിന് പിന്നാലെ ഭീഷണികള്‍ എത്തിയതായി തിവാരി പ്രതികരിച്ചു. ഇതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
എന്നാല്‍ സേനാ പ്രവര്‍ത്തകര്‍ വീട്ടിലെത്തി അതിക്രമിക്കുകയായിരുന്നുവെന്ന് തിവാരി പറഞ്ഞു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.