വനിതാ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായി ശിവ് സുന്ദര്‍ ദാസിനെ നിയമിച്ചു

ന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം ശിവ് സുന്ദര്‍ ദാസിനെ നിയമിച്ചു. മുന്‍ പരിശീലകന്‍ രമേഷ് പവാറിനെ വീണ്ടും പരിശീലകനായി നിയമിച്ചതിനു പിന്നാലെയാണ് ബാറ്റിംഗ് പരിശീലകനെയും ബിസിസിഐ തിരഞ്ഞെടുത്തത്. നേരത്തെ ഇന്ത്യ എ ടീമിനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ശിവ് സുന്ദര്‍ ദാസ്.

”വനിതാ ദേശീയ ടീമിനൊപ്പം ആദ്യമായാണ് ജോലി ചെയ്യുന്നത്. ആവേശകരമായ ഒരു ദൗത്യമാണത്. ചുമതലയിലേക്ക് ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇംഗ്ലണ്ടില്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ളതുകൊണ്ട് അവിടുത്തെ പിച്ചിനെപ്പറ്റിയൊക്കെ ധാരണയുണ്ട്. ഇപ്പോള്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ മാത്രമാണ് ശ്രദ്ധ.”- അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റും മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക. 2014നു ശേഷം ഇത് ആദ്യമായാണ് ഇന്ത്യ ടെസ്റ്റ് മത്സരത്തില്‍ കളിക്കുന്നത്. ശിവ് സുന്ദര്‍ ദാസിനൊപ്പം മുന്‍ താരം അഭയ് ശര്‍മ്മയെ ഫീല്‍ഡിംഗ് പരിശീലകനായും നിയമിച്ചിട്ടുണ്ട്.

മുന്‍ ഇന്ത്യന്‍ താരം കൂടിയായ പവാര്‍ ഡബ്ല്യു വി രാമന് പകരമാണ് രമേഷ് പവാര്‍ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുക്കുക. നേരത്തെ, പവാറിനു പകരമാണ് രാമനെ നിയമിച്ചത്. വാര്‍ത്താകുറിപ്പിലൂടെ ബിസിസിഐ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

അതേസമയം, പുരുഷ ടീമിന്റെ കൊവിഡ് ടെസ്റ്റ് ബിസിസിഐ നേരിട്ട് നടത്തുമ്പോള്‍ വനിതാ ടീമിന്റെ ടെസ്റ്റിനുള്ള ചെലവ് അവരവര്‍ തന്നെ വഹിക്കണമെന്ന നിര്‍ദ്ദേശം വിവാദത്തിലായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനു പോകുന്ന പുരുഷ, വനിതാ ടീമുകള്‍ക്കാന് ബിസിസിഐ രണ്ട് തരത്തില്‍ ടെസ്റ്റ് നടത്തുക.

 

Top