എല്ലാ ഘടകങ്ങളും ചേരുംപടി പേരുമ്പോഴാണ് ഒരു സിനിമ വലിയ വാണിജ്യവിജയം നേടുന്നത്. ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടിരിക്കുന്ന ജയിലര്‍ ആണ് അവസാനമായി അത്തരം ഘടകങ്ങളെല്ലാം കൃത്യമായ അളവില്‍ ചേര്‍ന്നുവന്ന ചിത്രം. ലോകമെങ്ങും ഫാന്‍ ഫോളോവിംഗ് ഉള്ള രജനികാന്തിനൊപ്പം മറ്റ് സിനിമാമേഖലകളിലെ സൂപ്പര്‍താരങ്ങളുടെ അതിഥിവേഷങ്ങളും ചിത്രത്തിന്റെ ജനപ്രീതിയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ഘടകമാണ്. അതില്‍ ഏറ്റവും ശ്രദ്ധ നേടിയ രണ്ട് കാമിയോ റോളുകള്‍ ആയിരുന്നു മോഹന്‍ലാലിന്റേതും ശിവ രാജ്‍കുമാറിന്റേതും. ശിവണ്ണയെന്ന് കന്നഡിഗര്‍ സ്നേഹത്തോടെ വിളിക്കുന്ന ശിവ രാജ്‍കുമാറിന്റെ പ്രകടനത്തിന് മലയാളികള്‍ക്കിടയിലും വലിയ കൈയടിയാണ് ലഭിച്ചത്. എന്നാല്‍ അദ്ദേഹം ഒരു മലയാള ചിത്രത്തില്‍ തന്നെ വന്നാലോ? അദ്ദേഹത്തിന്റെ മലയാളം അരങ്ങേറ്റം ഏറെ വൈകാതെ നടക്കാനുള്ള സാധ്യത ഉണ്ട്.
പൃഥ്വിരാജിനൊപ്പം ഒരു മലയാള ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതായി ജയിലര്‍ റിലീസിന് മുന്‍പുതന്നെ ശിവ രാജ്‍കുമാര്‍ വെളിപ്പെടുത്തിയിരുന്നു. ചര്‍ച്ചകള്‍ നടക്കുകയാണെന്നും വൈകാതെ ഒഫിഷ്യല്‍ പ്രഖ്യാപനം ഉണ്ടാവുമെന്നും ശിവ രാജ്‍കുമാര്‍ പറഞ്ഞിരുന്നു. ജയിലര്‍ റിലീസിന് പിന്നാലെ ശിവണ്ണയുടെയും കഥാപാത്രം ആഘോഷിക്കപ്പെടുമ്പോള്‍ മോളിവുഡ് അരങ്ങേറ്റം സംബന്ധിച്ച അദ്ദേഹത്തിന്റെ മുന്‍ അഭിമുഖം മലയാളി സിനിമാപ്രേമികള്‍ക്കിടയില്‍ കാര്യമായ ചര്‍ച്ചയാവുന്നുണ്ട്.
പൃഥ്വിരാജ് ചിത്രം എന്നല്ലാതെ ഏത് സിനിമ എന്ന കാര്യം ശിവ രാജ്കുമാര്‍ പറഞ്ഞിട്ടില്ല. ഇത് പൃഥ്വിരാജിന്റെ സംവിധാന കരിയറിലെ ഏറ്റവും വലിയ ചിത്രം എമ്പുരാന്‍ ആയിരിക്കുമോ എന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികള്‍. അങ്ങനെയെങ്കില്‍ ജയിലറിലെ മോഹന്‍ലാല്‍- ശിവ രാജ്കുമാര്‍ കോമ്പോ ഒരിക്കല്‍ക്കൂടി, അതും കൂടുതല്‍ സ്ക്രീന്‍ ടൈമില്‍ കാണാനുള്ള അവസരമാവും പ്രേക്ഷകര്‍ക്ക് ലഭിക്കുക. ചര്‍ച്ചകള്‍ പോസിറ്റീവ് എങ്കില്‍ ശിവണ്ണയുടെ മലയാളം എന്‍ട്രി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനത്തിന് ഏറെ കാത്തിരിക്കേണ്ടിവരില്ല. ധനുഷ് നായകനാവുന്ന ക്യാപ്റ്റന്‍ മില്ലറിലും ശിവ രാജ്കുമാര്‍ എത്തുന്നുണ്ട്.