ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കേരള സര്‍വകലാശാലയുടെ ഉത്തരക്കടലാസ് പിടിച്ചെടുത്തു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തിലെ മുഖ്യ പ്രതിയായ എസ്.എഫ്.ഐ നേതാവ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കേരളസര്‍വകലാശാലയുടെ ഉത്തരക്കടലാസ് പിടിച്ചെടുത്തു.

ശിവരഞ്ജിത്തിന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സര്‍വകലാശാല പരീക്ഷയ്ക്ക് ഉത്തരം എഴുതാന്‍ നല്‍കുന്ന പേപ്പറുകള്‍ കണ്ടെത്തിയത്.എന്തിന് വേണ്ടിയാണ് പേപ്പറുകള്‍ സൂക്ഷിച്ചു വച്ചതെന്നും എവിടെ നിന്നാണ് ഇത് കിട്ടിയതെന്നും വ്യക്തമല്ല.

കത്തിക്കുത്ത് കേസ് അന്വേഷിക്കുന്ന കന്റോണ്‍മെന്റ് എസ്.ഐയുടെ നേതൃത്വത്തിലാണ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിലെ പ്രതികള്‍ പൊലീസ് റാങ്ക് പട്ടികയില്‍ ഇടം പിടിച്ച പി.എസ്.സി പരീക്ഷ തിരുവനന്തപുരത്തെ കേന്ദ്രങ്ങളില്‍. എഴുതിയതിനെക്കുറിച്ചും സംശയങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് പുതിയ സംഭവം.

Top