ലക്‌നൗ: പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയോ അപമാനിക്കുകയോ ചെയ്താലും തന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യരുതെന്ന് സമാജ്‌വാദി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ശിവ്പാല്‍ യാദവ്.
സമാജ്‌വാദി പാര്‍ട്ടി സില്‍വര്‍ ജൂബിലി ആഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.പിയുടെ മുഖ്യമന്ത്രിയാവണമെന്ന ആഗ്രഹമില്ല. പാര്‍ട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ക്ക് ഒന്നും ലഭിച്ചില്ല. എന്നാല്‍ ചിലര്‍ക്ക് ഒന്നും ചെയ്യാതെ തന്നെ പാര്‍ട്ടിയില്‍ നിന്ന് എല്ലാം ലഭിച്ചുവെന്നും ശിവ്പാല്‍ യാദവ് പറഞ്ഞു.
എന്ത് ത്യാഗത്തിനും താന്‍ തയാറാണ്. ഇത് പാര്‍ട്ടി നേതാവ് മുലായംസിങ്ങ് യാദവിന് നല്‍കുന്ന ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലക്‌നൗവില്‍ നടക്കുന്ന എസ്പി സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്, പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ്ങ് യാദവ് തുടങ്ങിയ നേതാക്കന്‍മാരും ജെ.ഡി.യു, ആര്‍.ജെ.ഡി, ആര്‍.എല്‍.ഡി പാര്‍ട്ടികളിലെ നേതാക്കന്‍മാരും പങ്കെടുത്തു. ഇവര്‍ വേദിയിലിരിക്കുമ്പോഴാണ് പരോക്ഷ വിമര്‍ശവുമായി ശിവ്പാല്‍ യാദവ് രംഗത്തെത്തിയത്.