മന്ദ്‌സൂര്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ സന്ദര്‍ശിച്ച് ശിവരാജ് സിങ് ചൗഹാന്‍

sivaraj

ഇന്‍ഡോര്‍: മന്ദ്‌സൂര്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെയും വീട്ടുകാരെയും സന്ദര്‍ശിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. പെണ്‍കുട്ടിയുടെ ചികിത്സാ പുരോഗതിയില്‍ താന്‍ സന്തുഷ്ടനാണ്. അവള്‍ മധ്യപ്രദേശിന്റെ മകളാണെന്നും ചൗഹാന്‍ പറഞ്ഞു. കുട്ടിയുടെ തുടര്‍ വിദ്യഭ്യാസ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കും, എത്രയും വേഗം പ്രതികള്‍ക്ക് ശിക്ഷ ലഭിക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്നും മുഖ്യമന്ത്രി അറിയിച്ചു. പെണ്‍കുട്ടിയെ സന്ദര്‍ശിച്ച ശേഷം ആശുപത്രിക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ, പ്രതികളെ മരണംവരെ തൂക്കി കൊല്ലണമെന്ന് ശിവരാജ് സിങ് ചൗഹാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന മൃഗങ്ങള്‍ ഭൂമിക്കു തന്നെ ഭാരമാണ് അങ്ങനെയുള്ളവര്‍ക്ക് ഇവിടെ ജീവിക്കാന്‍ തന്നെ അവകാശമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പെണ്‍കുട്ടിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എത്തിയിരുന്നു.

ജൂണ്‍ 26 നാണ് എട്ട് വയസുള്ള പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്നും തട്ടികൊണ്ടുപോയി പ്രതികള്‍ പീഡനത്തിനിരയാക്കിയത്. സ്‌കൂള്‍ വിട്ട് അച്ഛനെ കാത്ത് നില്‍ക്കുമ്പോഴാണ് പിതാവ് കുറച്ചകലെ കാത്തു നില്‍ക്കുന്നുണ്ടെന്നും തങ്ങള്‍ പിതാവിന്റെ അടുത്തെത്തിക്കാമെന്നും പറഞ്ഞ് പറ്റിച്ച് പ്രതികള്‍ പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയത്. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി അതിക്രൂരമായി കുട്ടിയെ ലൈംഗികമായി അക്രമിക്കുകയും കൊല്ലാനായി കഴുത്ത് കത്തി കൊണ്ട് മുറിക്കുകയുമായിരുന്നു. കേസില്‍ പ്രതികളായ ആസിഫ്(24) ഇര്‍ഫാന്‍(20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവം വലിയ ജനരോഷത്തിനു കാരണമാവുകയും പെണ്‍കുട്ടിക്ക് നീതി തേടി ആയിരങ്ങള്‍ തെരുവിലിറങ്ങുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ ചികിത്സാ ചെലവുകളും വിദ്യാഭ്യാസവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മധ്യപ്രദേശ് വനിതാശിശു വികസന വകുപ്പു മന്ത്രി അര്‍ച്ചന ചിറ്റ്‌നിസ് വാഗ്ദാനം ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണ്.

Top