ഗോഹട്ടി: രാജ്യ വ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍ ബാധകമാക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്.
ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുവാന്‍ ആസാമില്‍ ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഇത്തരത്തിലൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
അനധികൃത കുടിയേറ്റക്കാരുടെ അഭയകേന്ദ്രമല്ല ഇന്ത്യ. ദേശീയ പൗരത്വ രജിസ്റ്റര്‍ ആസാമില്‍ മാത്രമല്ല. രാജ്യം മുഴുവന്‍ ബാധകമാക്കണം. ഇത് ബിജെപി മാറ്റിയെടുക്കും, ചൗഹാന്‍ പറഞ്ഞു. ആസാമിന്റെ കാര്യത്തില്‍ പിഴവില്ലാത്ത ദേശീയ പൗരത്വ രജിസ്റ്ററാണോ എന്ന കാര്യത്തില്‍ സുപ്രീംകോടതിയെ എല്ലാവരും വീക്ഷിക്കുകയാണ്, അദ്ദേഹം വ്യക്തമാക്കി.
മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ആസാമില്‍ എത്തിയപ്പോഴായിരുന്നു ചൗഹാന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ ബാധകമാക്കണമെന്ന ആവശ്യം ഉന്നയിച്ചത്.