ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാന്‍ ഇന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് വൈകുന്നേരം ചേരുന്ന നിയമസഭാ കക്ഷി യോഗത്തില്‍ ചൗഹാനെ പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ശിവരാജ് സിംഗ് ചൗഹാന്‍ ഇന്ന് മുഖ്യമന്ത്രിയായി സ്ഥാനമേറ്റാല്‍ നാലാം തവണ ഈ പദവിയില്‍ ഇരിക്കുന്ന റെക്കോര്‍ഡും സ്വന്തം പേരില്‍ കുറിയ്ക്കും.
സുപ്രീംകോടതി ഉത്തരവ് പ്രകാരം വെള്ളിയാഴ്ച നടത്താനിരുന്ന വിശ്വാസ വോട്ടെടുപ്പിന് രണ്ട് മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് കമല്‍നാഥിന്റെ രാജി. ഇതോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലംപതിക്കുകയും ചെയ്തു. സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിസന്ധി നേരിട്ടപ്പോള്‍ ചൗഹാന്‍ മുന്‍തൂക്കം നേടുകയും, സര്‍ക്കാരിനെ അക്രമിക്കുകയും ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച മറ്റ് ഒന്‍പത് എംഎല്‍എമാര്‍ക്കൊപ്പം ചൗഹാനും ചേര്‍ന്നാണ് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
അതേസമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ ഇരിപ്പടങ്ങളില്‍ ചൗഹാന് എതിരാളികളുണ്ട്. പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നോട്ടമുള്ള ഒരാള്‍. കൂടാതെ കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, താവേര്‍ചന്ദ് ഗെലോട്ട്, പാര്‍ട്ടി ചീഫ് വിപ്പ് നരോത്തം മിശ്ര, ബിജെപി ദേശീയ പ്രസിഡന്റ് കൈലാഷ് വിജയ്‌വര്‍ഗ്ഗീയ തുടങ്ങിയവരുടെ പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇവരെ മറികടക്കാന്‍ ചൗഹാന് തന്റെ പ്രവര്‍ത്തന പാരമ്പര്യം ശക്തിയേകും.
മധ്യപ്രദേശിന് ഏറ്റവും കൂടുതല്‍ വളര്‍ച്ച സമ്മാനിച്ചതോടൊപ്പം നിര്‍മ്മാണ കേന്ദ്രമായി സംസ്ഥാനത്തെ മാറ്റാനും ഇദ്ദേഹത്തിന്റെ ഭരണകാലം സാക്ഷ്യം വഹിച്ചു. ‘മാമാജി’ എന്ന വിളിപ്പേരുമായി സ്വയം ജനങ്ങള്‍ക്കിടയില്‍ സ്ഥാനം നേടാനും, വിവിധ സാമൂഹിക വിഭാഗങ്ങള്‍ക്കായി അനവധി ക്ഷേമപദ്ധതികളും ചൗഹാന് നടപ്പാക്കാന്‍ കഴിഞ്ഞു. ജാതിരാഷ്ട്രീയം കത്തിനില്‍ക്കുന്ന ഇടമായിട്ടും ഒബിസി വിഭാഗക്കാരനായ ചൗഹാന് സവര്‍ണ്ണ വിഭാഗങ്ങളെയും, ദളിത്, ആദിവാസി വിഭാഗങ്ങളെയും ഒരുമിപ്പിച്ച് നിര്‍ത്താന്‍ സാധിച്ചു. ഇത് തന്നെയാണ് 2008, 2013 വര്‍ഷങ്ങളില്‍ ചൗഹാന് വിജയം സമ്മാനിച്ചത്.