മുംബൈ:ശിവസേനയുടെ അമ്പും വില്ലും ചിഹ്നം മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വിഭാഗത്തിന് നൽകിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ ഉദ്ധവ് താക്കറെ പക്ഷം സുപ്രീംകോടതിയിൽ. തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിനെതിരായ ഹർജി ഉടൻ പരിഗണിക്കണമെന്നും താക്കറെ വിഭാഗത്തിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. വിഷയം നാളെ മെൻഷൻ ചെയ്യാൻ കോടതി നിർദേശിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിൽ വസ്തുതാപരമായ പിശകുണ്ടെന്നും, ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമാണ് ഉദ്ധവ് പക്ഷം ആവശ്യപ്പെടുന്നത്. വിഷയത്തിൽ ഷിൻഡെ വിഭാഗം സുപ്രീം കോടതിയിൽ തടസഹർജി (കേവിയറ്റ്) സമർപ്പിച്ചിട്ടുണ്ട്.
തന്റെ ഭാഗം കൂടി കേൾക്കാതെ ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് ഉറപ്പാക്കുന്നതിനായിട്ടാണ് ഷിൻഡെ വിഭാഗം കേവിയറ്റ് ഹർജി നൽകിയിട്ടുള്ളത്. ശിവസേന എന്ന പേരും തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വിഭാഗത്തിന് അനുവദിച്ചുകൊണ്ട്, കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.
ശിവസേനയുടെ പേരും ചിഹ്നവും ഏക്നാഥ് ഷിൻഡെ വിഭാഗത്തിന് നൽകിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ കോടികളുടെ ഇടപാട് നടന്നെന്ന് താക്കറെ പക്ഷം ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഏതാണ്ട് രണ്ടായിരം കോടിയുടെ ഇടപാട് നടന്നെന്നാണ് ഉദ്ധവ് താക്കറെ വിഭാഗം വക്താവ് സഞ്ജയ് റാവത്ത് ആരോപിച്ചത്.
ശിവസേനയുടെ പേരും ചിഹ്നവും എടുത്തത് വെറുതേയല്ല, 6 മാസത്തിനുള്ളിൽ 2000 കോടി രൂപയുടെ ബിസിനസ്സ് ഇടപാടാണ് നടന്നത്. ശിവസേനയുടെ എംഎൽഎമാരെ വിലയ്ക്കെടുക്കാൻ 50 കോടിയാണ് ചെലവഴിച്ചത്. എംപിമാരെ വാങ്ങാൻ 100 കോടി, കൗൺസിലർമാരെ വാങ്ങാൻ 50 ലക്ഷം മുതൽ ഒരു കോടി വരെയും ചെലവിട്ടുവെന്നും റാവത്ത് ആരോപിച്ചു.