മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ നീക്കം: ശിവസേനക്ക് ഉപമുഖ്യമന്ത്രിപദം നല്‍കിയേക്കും

മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ സാധ്യത. കാലാവധി പൂര്‍ത്തിയാക്കാന്‍ അഞ്ചു മാസം കൂടി ബാക്കിനില്‍ക്കെ ശിവസേനക്ക് ഉപമുഖ്യമന്ത്രിപദം നല്‍കി മഹാരാഷ്ട്ര മന്ത്രിസഭ പുനഃസംഘടിപ്പിക്കാനാണ് ബിജെപി നീക്കം.

സഖ്യചര്‍ച്ചയില്‍ സേന മുന്നോട്ടുവെച്ച നിബന്ധനപ്രകാരം കര്‍ഷകരുടെ കടം പൂര്‍ണമായും സര്‍ക്കാര്‍ എഴുതിത്തള്ളുമെന്നും ബി.ജെ.പി വൃത്തങ്ങള്‍ പറഞ്ഞു.അതേസമയം, പാര്‍ട്ടി അണികള്‍ക്കും നേതാക്കള്‍ക്കുമിടയില്‍ ബി.ജെ.പിയുടെ നീക്കം പ്രശ്‌നം സൃഷ്ടിക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ ശിവസേന.

ബി.ജെ.പിയുടെ വാഗ്ദാനം സ്വീകരിക്കുകയാണെങ്കില്‍ മുതിര്‍ന്ന നേതാവും വ്യവസായ മന്ത്രിയുമായ സുഭാഷ് ദേശായിയാകും ഉപമുഖ്യമന്ത്രി.

കാബിനറ്റ് റാങ്കിനായി തമ്മില്‍ തല്ലുണ്ടാകുമോ എന്ന ആശങ്കയും നിലവില്‍ ശക്തമാണ്.അടുത്ത തവണ അധികാരത്തിലെത്തിയാല്‍ രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രിപദം പങ്കുവെക്കണമെന്നാണ് സേനയുടെ ആവശ്യം.

എന്നാല്‍, ബി.ജെ.പി ഇതുവരെ നയം വ്യക്തമാക്കിയിട്ടില്ല. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് വന്‍ നേട്ടമാണ് നല്‍കുന്നതെങ്കില്‍ 2014ലേതുപോലെ കാലുമാറുമോ എന്ന പേടിയും ശിവസേനക്കുണ്ട്.

Top