തന്നെ കുരുക്കി ശിവശങ്കറെ രക്ഷിക്കാനാണു ശ്രമമെന്നു ചൂണ്ടിക്കാട്ടി അരുണ്‍ എന്‍ഐഎയ്ക്ക് പരാതി നല്‍കി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍. തന്നെ കുരുക്കി ശിവശങ്കറെ രക്ഷിക്കാനാണു ശ്രമമെന്നു ചൂണ്ടിക്കാട്ടി ഇദ്ദേഹം എന്‍ഐഎയ്ക്കും കസ്റ്റംസിനും പരാതി നല്‍കി.

ഐടി വകുപ്പില്‍ വരുന്നതിനു മുമ്പേ ശിവശങ്കറിന് സ്വപ്നയുമായി ബന്ധമുണ്ട്. തിരുവനന്തപുരത്തെ ഹെദര്‍ ടവറില്‍ ഫ്ളാറ്റ് ബുക്ക് ചെയ്തത് ശിവശങ്കരന്‍ ആവശ്യപ്പെട്ടിട്ടാണെന്ന് അരുണ്‍ ബാലചന്ദ്രന്‍ പറഞ്ഞു.. താമസം മാറുന്ന സുഹൃത്തിന് വേണ്ടിയാണ് ഫ്‌ളാറ്റ് ഏര്‍പ്പാടാക്കേണ്ടതെന്ന് പറഞ്ഞിരുന്നു. ഇതിന്റെ തെളിവ് കൈവശമുണ്ട്. ഇപ്പോള്‍ എല്ലാ കുറ്റവും ചെയ്തത് താനാണെന്ന് വരുത്തി ശിവശങ്കറെ രക്ഷിക്കാനും, തന്നെ കേസില്‍ കുടുക്കാനും ശ്രമം നടക്കുന്നുവെന്നാണ് അരുണ്‍ പരാതിയില്‍ പറയുന്നത്. സ്വപ്നയ്ക്ക് കാര്‍ കുറഞ്ഞവിലയില്‍ വാങ്ങുന്നതിന് ശിവശങ്കര്‍ തന്റെ സഹായം തേടിയെന്നും പരാതിയില്‍ അരുണ്‍ വെളിപ്പെടുത്തി.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഐടി ഫെല്ലോ എന്ന പോസ്റ്റിലാണ് അരുണ്‍ ബാലചന്ദ്രന്‍ ജോലി ചെയ്തിരുന്നത്. എം ശിവശങ്കര്‍ ഐടി സെക്രട്ടറി ആയിരിക്കെ അദ്ദേഹത്തിന്റെ കീഴിലാണ് അരുണ്‍ പ്രവര്‍ത്തിച്ചത്. നിലവില്‍ ടെക്‌നോപാര്‍ക്കിലെ ഡയറക്ടര്‍ മാര്‍ക്കറ്റിങ് ആണ് അരുണ്‍. ഫ്‌ളാറ്റ് ബുക്ക് ചെയ്ത കാര്യം ആദ്യം അരുണ്‍ നിഷേധിച്ചുവെങ്കിലും പിന്നീട് സമ്മതിച്ചു. ഈ ഫ്ളാറ്റിലാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഈ ഫ്‌ളാറ്റിലാണ് പിന്നീട് സ്വപ്നയുടെ ഭര്‍ത്താവും തുടര്‍ന്ന് കേസിലെ പ്രതികളും ഒത്തുകൂടിയത്.

Top