ആര്‍ച്ചറെ വിമര്‍ശിച്ച് ഷോയബ് അക്തര്‍; ട്രോളി യുവരാജ് സിംഗ്

ലണ്ടന്‍: ബൗണ്‍സര്‍ കൊണ്ട് ഓസീസ് ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത് വീണിട്ടും അടുത്തേക്കു പോകാതിരുന്ന ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറെ വിമര്‍ശിച്ചു പാക്കിസ്ഥാന്‍ മുന്‍ പേസര്‍ ഷോയബ് അക്തര്‍.

ബൗണ്‍സര്‍ ക്രിക്കറ്റിന്റെ ഭാഗമാണ്. എന്നാല്‍ ഏറുകൊണ്ട് ഒരു ബാറ്റ്‌സ്മാന്‍ വീണാല്‍ ബൗളര്‍ തീര്‍ച്ചയായും അരികിലെത്തി പരിശോധിക്കണം. ആര്‍ച്ചര്‍ സ്മിത്തിന്റെ അരികിലെത്താത്തതു ശരിയായില്ല. താനായിരുന്നു ആ സ്ഥാനത്തെങ്കില്‍ അങ്ങനെ ഒരിക്കലും ചെയ്യില്ലായിരുന്നു എന്നാണ് അക്തര്‍ ട്വിറ്ററില്‍ കുറിച്ചത്.

ആര്‍ച്ചറിനു പിന്നാലെ അക്തറിനു മറുപടിയുമായി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ് രംഗത്തെത്തി. അക്തര്‍ ആദ്യം ഓടിയെത്തുമായിരുന്നു എന്നു സമ്മതിച്ച യുവരാജ്, ബാറ്റ്‌സ്മാന് അടുത്തെത്തി അക്തര്‍ എന്താണു പറഞ്ഞിരുന്നതെന്നും ഓര്‍മപ്പെടുത്തി. സുഹൃത്തേ, നിങ്ങള്‍ക്കു പ്രശ്‌നമൊന്നും ഇല്ലല്ലോ, കാരണം കുറച്ചെണ്ണം കൂടി വരുന്നുണ്ട്’ എന്ന അക്തര്‍ പറയുമെന്നായിരുന്നു യുവരാജിന്റെ തമാശരൂപേണയുള്ള മറുപടി.

സ്മിത്ത് വീണപ്പോള്‍ ജോസ് ബട്‌ലറുമൊത്ത് ചിരിച്ചുനില്‍ക്കുന്ന ആര്‍ച്ചറുടെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ ചിത്രത്തിന്റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.

ലോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന രണ്ടാം ആഷസ് ടെസ്റ്റിന്റെ നാലാം ദിവസമാണ് ആര്‍ച്ചറിന്റെ പന്തുകൊണ്ട് സ്മിത്ത് നിലത്തുവീണത്. ആര്‍ച്ചര്‍ എറിഞ്ഞ പന്ത് സ്റ്റീവ് സ്മിത്തിന്റെ കഴുത്തിലിടികയായിരുന്നു. ഉടന്‍ തന്നെ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും അദ്ദേഹത്തിന് ബാറ്റിങ് തുടരാനായില്ല.

Top