ഷുഹൈബ് അക്തര്‍ എന്ന പേര് ലോകം മുഴുവനുള്ള ക്രിക്കറ്റ് ആരാധകരുടെ ഉള്ളില്‍ ഇന്നും മായാത്ത ഒന്നാണ്. തീ തുപ്പുന്ന പന്തുകള്‍ കൊണ്ട് എതിര്‍ ടീമിലെ ബാറ്റ്സ്മാന്മാരുടെ കാല്‍ മുട്ടുകള്‍ കൂട്ടിയിടിപ്പിച്ച റാവല്‍പിണ്ടി എക്സ്പ്രസ് എന്ന ഷുഹൈബ് അക്തറെ ഇന്ത്യന്‍ ആരാധകര്‍ക്കും ഒരിക്കലും മറക്കാന്‍ കഴിയാത്ത താരമാണ്. 1999ലെ കൊല്‍ക്കത്ത ടെസ്റ്റിലെ അക്തറുടെ പ്രകടനം മാത്രം മതി അക്തറെന്ന ഇതിഹാസ താരത്തെ ഇന്ത്യന്‍ കാണികള്‍ക്ക് ഓര്‍ത്തെടുക്കാന്‍. അന്ന് രാഹുല്‍ ദ്രാവിഡിന്റെയും ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍കറുടെയും മിഡില്‍ സ്റ്റമ്പ് പറിച്ചെടുത്ത് ഒരു കഴുകനെ പോലെ ഗ്രൗണ്ടിലൂടെ പറന്നു നടന്ന അക്തറിന്റെ ചിത്രം ഇന്ത്യന്‍ ആരാധകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. എന്നാല്‍ ഇന്ന് ഷുഹൈബ് അക്തര്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത് ക്രിക്കറ്റിലേക്ക് എത്തിയതിനെ കുറിച്ചുള്ള രസകരമായ വെളിപ്പെടുത്തലിലൂടെയാണ്.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ യുട്യൂബറായ താന്‍മായ് ബട്ട് തന്റെ യൂട്യൂബ് ചാനലില്‍ ഒരു സിരീസ് നടത്തുകയുണ്ടായി. മീംസിനെ കുറിച്ച് ചര്‍ച്ച ചെയുന്ന ഒരു സിരീസായിരുന്നു ബട്ട് നടത്തിയിരുന്നത്. അതിഥിയായിയെത്തിയത് ഷുഐബ് അക്തറും. ”പാകിസ്ഥാനിസ് ആര്‍ സാവേജ്” എന്ന പേരിലുള്ള സിരീസില്‍ ബട്ടിനെ കൂടാതെ വേറെയും ആളുകളുണ്ടായിരുന്നു. പാകിസ്ഥാനി മീംസും ക്രിക്കറ്റും ചര്‍ച്ച ചെയ്യുന്നതിനിടെ ബട്ട് അക്തറിനോട് ഒരു ചോദ്യം ചോദിച്ചു. ഇതിന്റെ ഉത്തരമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
അക്തര്‍ തങ്ങള്‍ ഒരു മിടുക്കനും ഉത്സാഹിയുമായ വിദ്യാര്‍ത്ഥിയായിരുന്നോ. ഇതായിരുന്നു ബട്ടിന്റെ ചോദ്യം. ഇത് കേട്ടപ്പോളായിരുന്നു അക്തറിന്റെ രസകരമായ ഉത്തരം, ”ഞാനൊരു മികച്ച വിദ്യാര്‍ത്ഥിയായിരുന്നു. ഞാന്‍ ഡിഗ്രി പഠിക്കുമ്പോളായിരുന്നു ക്രിക്കറ്റിലേക്ക് വരുന്നത്. അത് വരെ പഠിക്കുന്നതിലെല്ലാം മിടുക്കനായിരുന്നു എന്ന് തന്നെ പറയാം കുറച്ച് മടിയുണ്ടായിരുന്നു എന്നത് ഒഴിച്ചാല്‍.
പക്ഷേ ഞാന്‍ ക്രിക്കറ്റ് കളിച്ചു തുടങ്ങിയത് കോളേജിലെ പെണ്‍കുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റാനായിരുന്നു. ഞങ്ങളുടെ കോളേജില്‍ പെണ്‍കുട്ടികള്‍ക്കായൊരു ബ്ലോക്ക് ഉണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന പെണ്‍കുട്ടികളെ ആകര്‍ഷിപ്പിക്കാനായിരുന്നു ഞാന്‍ ആദ്യം ബൗളിംഗ് ചെയ്തിരുന്നത്. ഒരു പക്ഷെ അവര്‍ തന്നെയായിരിക്കും എന്റെ ഫാസ്റ്റ് ബൗളിംഗ് ആദ്യമായി കണ്ടിട്ടുള്ളതും. ഞാന്‍ അവരുടെ മുന്നിലൂടെ ബൈക്കില്‍ പോയപ്പോള്‍ കിട്ടാത്ത സ്വീകാര്യതയായിരുന്നു ക്രിക്കറ്റിലൂടെ ലഭിച്ചിരുന്നത്. ഇത് കൊണ്ട് ഞാന്‍ ക്രിക്കറ്റിലേക്ക് എന്റെ ശ്രദ്ധതിരിക്കുകയാണുണ്ടായത്. എന്തായാലും ഇപ്പോള്‍ അക്തറുടെ രസകരമായ ഉത്തരം ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുകയാണ്. ഒരു ദിവസം കൊണ്ട് തന്നെ 22 ലക്ഷം ആളുകളാണ് അക്തറിന്റെ വീഡിയോ യുട്യൂബില്‍ കണ്ടത്.