ധാക്ക: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സ്ഡ് ഡബിള്‍സില്‍ ഫൈനലിലാണ് ഇന്ത്യയുടെ സാനിയ മിര്‍സ- രോഹന്‍ ബൊപ്പണ്ണ സഖ്യം പരാജയപ്പെട്ടത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ തന്റെ അവസാന ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റായിരിക്കുമെന്ന് നേരത്തെ സാനിയ പ്രഖ്യാപിച്ചിരുന്നു. വികാരാധീനയായിട്ടാണ് സാനിയ ഗ്രാന്‍ഡ്സ്ലാം കോര്‍ട്ടുകളോട് വിടപറഞ്ഞത്.
മത്സരശേഷം സാനിയ പറഞ്ഞതിങ്ങനെ… ”ഞാന്‍ കരയുന്നുണ്ടെങ്കില്‍ അത് സങ്കടം കൊണ്ടല്ല, സന്തോഷം കൊണ്ടാണ്. എന്റെ കുടുംബം ഇവിടെ എന്നോടൊപ്പമുണ്ട്. എന്റെ മകന് മുന്നില്‍ ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനല്‍ കളിക്കാനാകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. 2005ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിച്ചുകൊണ്ടാണ് എന്റെ കരിയര്‍ തുടങ്ങിയത്. അന്ന് 18കാരിയായ ഞാന്‍ സെറീന വില്യംസിനെയാണ് നേരിട്ടത്.” ഇത് പറഞ്ഞശേഷം വാക്കുകള്‍ മുറിഞ്ഞ് കണ്ണീര്‍ തുടച്ച സാനിയയെ കരഘോഷത്തോടെയാണ് റോഡ്ലെവര്‍ അരീനയിലെ കാണികള്‍ വരവേറ്റത്. മകന് മുന്നില്‍ അമ്മയെന്ന നിലയില്‍ ഗ്രാന്‍സ്ലാം ഫൈനല്‍ കളിക്കാന്‍ കഴിഞ്ഞുവെന്നത് അഭിമാന നിമിഷമെന്നും സാനിയ പറഞ്ഞിരുന്നു.
ഇപ്പോള്‍ സാനിയയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുയാണ് ഭര്‍ത്താവും പാകിസ്ഥാന്‍ ക്രിക്കറ്റ് താരവുമായ ഷുഐബ് മാലിക്ക്. മാലിക്ക് ട്വീറ്റ് ചെയ്തതിങ്ങനെ… ”കായികരംഗത്തെ എല്ലാ വനിതകളുടേയും പ്രതീക്ഷ. കരിയറിലെ നിന്റെ എല്ലാ നേട്ടങ്ങളിലും ഞാന്‍ അഭിമാനിക്കുന്നു. ഒരുപാട് പേരുടെ പ്രചോദനമാണ് നീ. കരുത്തോടെ യാത്ര തുടരുക. അവിശ്വസനീയമായ ഈ കരിയറിന് അഭിനന്ദനങ്ങള്‍.” മാലിക്ക് പറഞ്ഞു.