Shobha Ojha against law and order in kerala

ന്യൂഡല്‍ഹി: കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്ന് മഹിളാകോണ്‍ഗ്രസ് ദേശീയ അധ്യക്ഷ ശോഭ ഓജ. സിനിമ നടി ഭാവനയ്‌ക്കെതിരായി ഉണ്ടായ അതിക്രമം ഇതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണെന്നും അവര്‍ പറഞ്ഞു.

കമ്മ്യൂണിസ്റ്റുകള്‍ ഭരണത്തില്‍ വന്ന ശേഷം കേരളത്തിലെ ക്രമസമാധാനനില വഷളായിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും അനുദിനം വര്‍ധിച്ചുവരുന്നു. നിയമത്തെ ആരും ഭയപ്പെടുന്നില്ല. സിപിഐഎമ്മിന്റെ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ തന്നെ സദാചാര ഗുണ്ടായിസം നടത്തുകയാണ്.

പൊലീസ് നിഷ്‌ക്രിയത്വം പാലിച്ച് ഇത്തരം സാമൂഹിക വിരുദ്ധരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇത്തരം സാഹചര്യങ്ങളാണ് അറിയപ്പെടുന്ന ഒരു സിനിമ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് വരെ കാര്യങ്ങള്‍ എത്തിച്ചത്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉയര്‍ത്തികാട്ടി വലിയ പ്രക്ഷോഭങ്ങള്‍ നടത്തിയവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. അങ്ങനെയുള്ള പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് എന്നത് ഏറെ നിര്‍ഭാഗ്യകരമാണ്. ഇതിന് പിന്നിലെ പ്രതികളെ പിടികൂടുകയും ശക്തമായ ശിക്ഷ ഉറപ്പുവരുത്തുകയും ചെയ്യണം. ഒപ്പം സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. എങ്കില്‍ മാത്രമെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂവെന്നും ശോഭ ഓജ പറഞ്ഞു.

Top