കോഴിക്കോട് : അതിവേഗ റെയിൽ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ തള്ളി ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രൻ. ഇത് ഒറ്റയാൾ പട്ടാളമല്ലെന്നും പാർട്ടിയാണെന്നും ശോഭ സുരേന്ദ്രൻ ഓർമിപ്പിച്ചു. അതിവേഗ റെയിൽ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചത് സുരേന്ദ്രന്റെ വ്യക്തിപരമായ നിലപാടാണെന്നും ശോഭ വ്യക്തമാക്കി. രണ്ടാമതും ഭരണത്തിൽ വന്നത് പിണറായി വിജയന്റെ യോഗ്യത കൊണ്ടല്ലെന്നും, പ്രതിപക്ഷത്തിന്റെ ദൗർബല്യം കൊണ്ടാണെന്നും ശോഭ സുരേന്ദ്രൻ കുറ്റപ്പെടുത്തി. വി.ഡി.സതീശൻ ഉപമുഖ്യമന്ത്രിയുടെ റോളിൽനിന്ന് മാറിയാൽ കേരളം രക്ഷപ്പെടുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
‘‘ഈ പാത വരാനായിട്ട് സാമൂഹികാഘാത പഠനം നടത്തി റിപ്പോർട്ട് വരേണ്ടതുണ്ട്. രണ്ടാമതായി ഇതിന് പാരിസ്ഥിതിക ആഘാതമുണ്ടോ എന്നു പരിശോധിക്കാനായി പഠനം ഉൾപ്പെടെ നടത്തേണ്ടതുണ്ട്. അതിനെ തുടർന്നാണ് ഈ പദ്ധതി കേരളത്തിലെ പൊതു സമൂഹത്തിനു മുന്നിൽ വയ്ക്കേണ്ടത്. കഴിഞ്ഞ തവണ ചെയ്തതുപോലെ ആരാന്റെ അടുക്കളയിൽ കയറി ഒരു കുറ്റി നാട്ടാം എന്ന ധാരണ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഉണ്ടെങ്കിൽ അതൊന്നും നടക്കാൻ പോകുന്നില്ല. എന്തായാലും ഊരാളുങ്കൽ സൊസൈറ്റിക്ക് ഇതിന്റെ കരാറൊന്നും കിട്ടാൻ പോകുന്നില്ലെന്ന് മുഖ്യമന്ത്രി മനസ്സിലാക്കിയാൽ നല്ലതാണ്. കേരളത്തിലെ ജനങ്ങൾക്ക് ദോഷകരമായതൊന്നും ഈ രാജ്യത്തെ സ്നേഹിക്കുന്ന, കേരളത്തെ സ്നേഹിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പോകുന്നില്ല.’
‘അതിവേഗ റെയിൽ വിഷയത്തിൽ സംസ്ഥാന അധ്യക്ഷൻ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാണ്. പാർട്ടിയുടെ നിലപാട് പാർട്ടിയുടെ സംസ്ഥാന ഭാരവാഹി യോഗം, സംസ്ഥാന കമ്മിറ്റി തുടങ്ങിയവ ചേർന്ന് പ്രഖ്യാപിക്കാൻ പോകുന്നതേയുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞതായിട്ട് ഞാൻ മാധ്യമങ്ങളിലൂടെ കണ്ടത്. അപ്പോൾ സ്വാഭാവികമായും അതു കേരളത്തിന്റെ ഒരു പരിച്ഛേദമാണ്. കാരണം കേരളത്തിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ എത്രയോ നാളുകളായി പ്രവർത്തിക്കുന്ന ഞാൻ ഉൾപ്പെടെയുള്ളവർ അംഗങ്ങളായ സ്ഥലത്ത് ഈ വിഷയം ചർച്ചയാകുമ്പോൾ, ഇത് ജനത്തിന് ഉപകാരപ്രദമായ രീതിയിൽ നടപ്പിലാക്കാൻ മാത്രമേ ഇവിടുത്തെ ബിജെപി അനുവദിക്കൂ. അക്കാര്യത്തിൽ രണ്ടു വാക്കില്ല.’
‘‘ശ്രീധരൻ സാറിനെ ആർക്കു വേണമെങ്കിലും പോയി കാണാം. മാത്രമല്ല, ശ്രീധരൻ സാർ നരേന്ദ്ര മോദിക്കൊപ്പം ചേർന്നു നിൽക്കുന്ന ഒരാളാണ്. പാർട്ടിയുടെ സംസ്ഥാന ഘടകത്തിന്റെ അധ്യക്ഷൻ ശ്രീധരൻ സാറിനെ കണ്ടതിന്റെ പേരിൽ ഇങ്ങനെയൊന്നും വ്യാഖ്യാനിക്കേണ്ട കാര്യമില്ല. ഇത് ഒറ്റയാൾ പട്ടാളമല്ല, ഒരു പാർട്ടിയാണ്. ജനത്തിന് ഇത് ഉപകാരപ്പെടുമോ, അവർക്ക് പ്രശ്നമുണ്ടാക്കാതെ ഈ പദ്ധതി കൊണ്ടുവരാൻ കഴിയുമോ എന്ന കാര്യങ്ങളൊക്കെ പാർട്ടിക്കകത്ത് ചർച്ച ചെയ്യും.’
‘‘കോൺഗ്രസിന് അധികാരത്തിൽ ഇരുന്ന കാലത്ത് ആ കസേരയോട് നീതി പുലർത്താനാകാതെ പോയതുകൊണ്ടല്ലേ പിണറായി സർക്കാർ രണ്ടാമതും അധികാരത്തിൽ വന്നത്? പിണറായി വിജയന്റെ യോഗ്യത കൊണ്ടല്ല ഇവിടെ രണ്ടാമത് ആ സർക്കാർ വന്നത്. ഇവിടുത്തെ പ്രതിപക്ഷത്തിന്റെ ദൗർബല്യം കൊണ്ടാണ്. പ്രതിപക്ഷ നേതാക്കൾ പാദസരമണിഞ്ഞ് ലജ്ജിച്ചു നടന്നാൽ കേരളത്തിന്റെ പ്രശ്നങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ പറ്റില്ലെന്ന് ഞാൻ മുൻപേ പറഞ്ഞതാണ്. പ്രതിപക്ഷത്തിന്റെ റോളെന്നത് ഉപമുഖ്യമന്ത്രിയുടെ റോളല്ല. സതീശൻ ഉപമുഖ്യമന്ത്രിയുടെ റോളിൽനിന്ന് മാറിയാൽ കേരളം രക്ഷപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല.’ – ശോഭ സുരേന്ദ്രന്‍ പറഞ്ഞു.