ഇഷ്ടതാരങ്ങളെ നേരിട്ട് കാണാന്‍ ആഗ്രഹമില്ലാത്തവര്‍ കുറവാണ്. അതിന് പലരും ശ്രമിക്കാറുമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഇഷ്ടതാരത്തെ കാണാന്‍ ശ്രമിച്ചയാള്‍ക്ക് കിട്ടിയ പണിയാണ് വൈറലാകുന്നത്. ഓണ്‍ലൈന്‍ ക്ലാസിഫൈഡ് സൈറ്റായ ലൊക്കാന്റോയുടെ വ്യാജനെ ഉണ്ടാക്കി തമിഴ് സിനിമാനിര്‍മാതാവാണ് യുവാവിനെ പറ്റിച്ചത്. അതിലൂടെ യുവാവിന് ധനനഷ്ടവും മാനഹാനിയും ഉണ്ടായി. കാജല്‍ അഗര്‍വാളിനെ നേരിട്ടു കാണാനും പരിചയപ്പെടാനും അവസരം നല്‍കാം എന്നായിരുന്നു വാഗ്ദാനം. ഇതിലൂടെ 75 ലക്ഷം രൂപയാണ് നിര്‍മ്മാതാവ് തട്ടിയെടുത്തത്. ഇതുമായി ബന്ധപ്പെട്ട് നിര്‍മാതാവ് ശരവണകുമാറിനെ അറസ്റ്റ് ചെയ്തു.
വഞ്ചിക്കപ്പെടുകയായിരുന്നുവെന്നറിഞ്ഞ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സംഭവത്തോടെ നാടുവിട്ട യുവാവിനെ കാണാനില്ലെന്ന പിതാവിന്റെ പരാതിയെത്തുടര്‍ന്ന് കൊല്‍ക്കത്തയില്‍ നിന്ന് പോലീസ് യുവാവിനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.
നടിമാരെ പരിചയപ്പെടുത്തുന്ന ബെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന സമയത്താണ് ഫോണ്‍കോള്‍ വന്നത്. ഇഷ്ടമുള്ള നടിമാരെ തിരഞ്ഞെടുക്കാനായി അമ്പതിനായിരം രൂപ ഇതില്‍ അടയ്ക്കണമെന്നും വിളിച്ചയാള്‍ പറഞ്ഞു. അമ്പതിനായിരം രൂപ അടയ്ക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇയാള്‍ അശ്ലീല സൈറ്റുകളുടെ ലിങ്കുകളാണ് അയച്ചു തന്നത്. ചതി മനസിലായതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ ഭീഷണിപ്പെടുത്തി 75 ലക്ഷം രൂപയ്ക്ക് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ഫോണ്‍ കോള്‍ ലിങ്കും ബെബ്‌സൈറ്റ് വിവരങ്ങളും പരസ്യപ്പെടുത്തുമെന്നും നിര്‍മാതാവ് പറഞ്ഞു. അങ്ങനെ 75 ലക്ഷം നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിര്‍മാതാവ് ശരവണകുമാര്‍ എന്നറിയപ്പെടുന്ന ഗോപാലകൃഷ്ണനെ പോലീസ് പിടികൂടിയത്.