ഗുരുഗ്രാം: ഹരിയാനയിലെ പല്‍വാല്‍ നഗരത്തില്‍ ചൊവ്വാഴ്ച നേരം പുലര്‍ന്നത് ഞെട്ടലോടെയാണ്. പല്‍വാലിനെ ഭീതിയിലാഴ്ത്തിയ കൊലപാതക പരമ്പരയുടെ വാര്‍ത്തയാണ് എല്ലാവര്‍ക്കും പറയാനുണ്ടായത്. രണ്ട് മണിക്കൂറിനുള്ളില്‍ കൊല്ലപ്പെട്ടത് ആറ് പേരാണ്.
എന്നാല്‍ പിന്നാലെ പ്രതി പിടിയിലായെന്ന വിവരം ജനങ്ങള്‍ക്ക് വളരെ ആശ്വാസ വാര്‍ത്തയായിരുന്നു. പല്‍വാല്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്താണ് ആറ് കൊലപാതകങ്ങളും നടന്നിരിക്കുന്നത്.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കും നാല് മണിക്കും ഇടയിലാണ് ആറ് പേരും കൊലചെയ്യപ്പെട്ടത് എന്നതാണ് ഭീതിപ്പെടുത്തുന്ന വാര്‍ത്ത. അതേസമയം പിടിയിലായ പ്രതിതന്നെയാണ് ആറ് കൊലപാതകങ്ങളും നടത്തിയതെന്നാണ് പൊലീസ് നിഗമനം.
മുന്‍ കരസേന ഉദ്യോഗസ്ഥനായ നരേഷ് ആണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ആദര്‍ശ് നഗറില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ പൊലീസിനെയും ആക്രമിക്കാന്‍ ശ്രമിച്ചതായി പൊലീസ് വ്യക്തമാക്കി.
ആദ്യത്തെ കൊലയ്ക്ക് ശേഷം വഴിയിലേക്കിറങ്ങിയ പ്രതി പല്‍വാലിലെ ആഗ്ര റോഡ് മുതല്‍ മിനാര്‍ ഗേറ്റ് വരെ വഴിയരികില്‍ കണ്ട നാല് പേരെയാണ് കമ്പി വടിക്ക് അടിച്ചുകൊലപ്പെടുത്തിയത്. ഏറ്റവും ഒടുവില്‍ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.
കൊലപാതകങ്ങള്‍ ഒന്നിന് പിറകേ ഒന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ നഗരത്തില്‍ പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത നരേഷിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
പുലര്‍ച്ചെ രണ്ടരയോടെ സ്ഥലത്തെ ആശുപത്രിയില്‍ വച്ച് ഒരു സ്ത്രീയെ ആണ് ഇയാള്‍ ആദ്യം തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഒരാള്‍ കമ്പിവടിയുമായി നടന്നുപോകുന്ന തെളിവ് പോലീസിന് ലഭിക്കുന്നത്.