സിറിയ എന്ന നരക ഭൂമി; കുട്ടികള്‍ക്ക് നേരെയുള്ള അക്രമങ്ങളെക്കുറിച്ച് യുഎന്‍ റിപ്പോര്‍ട്ട് പുറത്ത്

യുദ്ധം കീറിമുറിച്ച സിറിയയില്‍ കുട്ടികള്‍ നേരിടുന്ന അക്രമങ്ങളെ തുറന്നുകാണിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ (യുഎന്‍) നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഒന്‍പതുവയസുകാരിയടക്കം ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ലൈംഗിക അടിമകളാക്കപ്പെടുകയും ചെയ്യുകയും ചെയ്യുന്ന സാഹചര്യമാണ് സിറിയയിലുള്ളത്. ആണ്‍കുട്ടികളെ ക്രൂരമായി മര്‍ദിക്കുകയും, നിര്‍ബന്ധിച്ചു സൈനിക പരിശീലനത്തിനിറക്കുകയും ചെയ്യുന്നു.

കുട്ടികളെ ഉപയോഗിച്ച് പൊതുജനമധ്യത്തില്‍ കൊലപാതകങ്ങള്‍ നടത്തുന്നു. ഉന്നംതെറ്റാതെ വെടിവയ്ക്കുന്ന സ്‌നൈപര്‍മാരുടെ ഇരകളാകുന്നവരിലും കുട്ടികളുണ്ട്. തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെടുന്നു. തുടങ്ങിയ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് ആഭ്യന്തര കലാപങ്ങള്‍ക്കിടയില്‍ സിറിയയിലെ കുട്ടികള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യുഎന്‍ നടത്തിയിരിക്കുന്നത്.സിറിയയില്‍ കുട്ടികള്‍ മാത്രം നേരിടുന്ന പ്രശ്‌നങ്ങള്‍ കേന്ദ്രീകരിച്ച് ഇതാദ്യമായാണ് യുഎന്‍ അന്വേഷണം നടക്കുന്നത്.

2011ല്‍ യുദ്ധം ആരംഭിച്ചതു മുതല്‍ ഇതുവരെ സിറിയയില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെല്ലാം കമ്മിഷന്‍ ഓഫ് എന്‍ക്വയറി ഫോര്‍ സിറിയ എന്ന സംഘടനയുടെ നേതൃത്വത്തില്‍ പരിശോധിക്കുന്നുണ്ടായിരുന്നു. ഈപഠന റിപ്പോര്‍ട്ടാണ്
യുഎന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്. എട്ട് വര്‍ഷത്തെ പോരാട്ടങ്ങള്‍ക്കിടയില്‍ സിറിയയിലെ കുട്ടികള്‍ നേരിട്ടത് സമാനതകളില്ലാത്ത ഭീകരതയാണെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. വ്യാഴാഴ്ചയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അന്‍പത് ലക്ഷത്തോളം കുട്ടികളാണ് സിറിയയുടെ പല ഭാഗങ്ങളിലായി പാലായനം ചെയ്യേണ്ടി വന്നത്. അവര്‍ കൊല്ലപ്പെടുന്നത് തുടരുകയും പരുക്കേല്‍ക്കുകയും, അംഗവൈകല്യം സംഭവിക്കുകയും, അനാഥരാക്കപ്പെടുകയും ചെയ്യുന്നു. യുദ്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ കാരണം മുറിവുകള്‍ ചുമക്കേണ്ടതിന്റെ ഗതികേട് കുട്ടികള്‍ക്കാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

സിറിയയിലേക്ക് യുഎന്നിനു പ്രവേശന വിലക്കുണ്ട്. അതിനാല്‍ത്തന്നെ സിറിയയില്‍ കൊല്ലപ്പെടുന്ന കുട്ടികളുടെ കണക്കെടുക്കുന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പ് യുഎന്‍ നിര്‍ത്തിയിരുന്നു. എന്നാല്‍ വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്താല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതു തുടര്‍ന്നു.ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവ ഗ്രൂപ്പുകള്‍ ഒന്‍പത് വയസ് മാത്രമുള്ള പെണ്‍കുട്ടികളെ വരെ ലൈംഗിക അടിമകളാക്കി ഉപയോഗിച്ചു. വ്യോമാക്രമണങ്ങള്‍ ചിന്ന ഭിന്നമാക്കിയ നഗരങ്ങളില്‍ ആണ്‍കുട്ടികള്‍ അല്‍ ഖ്വയ്ദ പോലുള്ള ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ നിബന്ധിതരായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ തടയേണ്ട പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ഭരണകൂടം എല്ലാറ്റിനും നേരെ കണ്ണടച്ചെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു. സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സൈന്യം തന്നെയാണ് കുട്ടികള്‍ക്കു നേരെ സ്‌നൈപര്‍ ആക്രമണം നടത്തുന്നത്. പിഞ്ചുകുട്ടികളുടെ തല തുളച്ചാണ് പലപ്പോഴും പരിശീലനം പൂര്‍ത്തിയായിരുന്നത്. രാസായുധങ്ങള്‍ പ്രയോഗിക്കപ്പെട്ടുവെന്നും ഓക്‌സിജന്‍ വലിച്ചെടുത്ത് പൊട്ടിത്തെറിക്കുന്ന തെര്‍മോബാറിക് ബോംബുകള്‍ കുട്ടികള്‍ക്ക് നേരെ യാതൊരു പരിഗണനയുമില്ലാതെ പ്രയോഗിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

സ്‌കൂളുകളും ആശുപത്രികളും ലക്ഷ്യംവച്ചായിരുന്നു പലപ്പോഴും കൂട്ടത്തോടെയുള്ള ബോംബാക്രമണവും രാസായുധ പ്രയോഗവുമെല്ലാം.2011 ഒക്ടോബര്‍ മുതല്‍ 2019 വരെ സിറിയന്‍ കുട്ടികള്‍, ദൃക്‌സാക്ഷികള്‍, അതിജീവിച്ചവര്‍, ആതുരസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരുമായി അയ്യായിരത്തിലധികം അഭിമുഖങ്ങള്‍ നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

Top