കൊച്ചി: സ്വപ്‌ന സുരേഷ് ഉള്‍പ്പെട്ട തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നാല് പേര്‍ കൂടി പിടിയിലായി. കോഴിക്കോട് സ്വദേശി ജിഫ്‌സല്‍ സി, മലപ്പുറം സ്വദേശി അബൂബക്കര്‍ പി, കോഴിക്കോട് സ്വദേശി മുഹമ്മദ് അബ്ദു ഷമീം, മലപ്പുറം സ്വദേശി പി അബ്ദുള്‍ ഹമീദ് എന്നിവരാണ് എന്‍ഐഎയുടെ പിടിയിലായത്. ഇവരുടെ അറസ്റ്റ് തിങ്കളാഴ്ച തന്നെ രേഖപ്പെടുത്തിയിരുന്നെങ്കിലും ഇന്നാണ്.എന്‍ഐഎ വിവരം പുറത്തുവിടുന്നത്.
ഇവരുടെ സ്ഥാപനങ്ങളില്‍ ഇന്ന് തെരച്ചില്‍ നടത്തിയ ശേഷമാണ് വിവരം പുറത്ത് വിട്ടത്. മലപ്പുറത്തെ മലബാര്‍ ജ്വല്ലറി, അമീന്‍ ഗോള്‍ഡ്, കോഴിക്കോട്ടെ അമ്പി ജ്വല്ലറി എന്നിവിടങ്ങളിലാണ് എന്‍ഐഎ തെരച്ചില്‍ നടത്തിയത്. ഇതില്‍ മലബാര്‍ ജ്വല്ലറി അറസ്റ്റിലായ മലപ്പുറമം സ്വദേശി അബൂബക്കറിന്റേതാണ്. മലപ്പുറത്തെ അമീന്‍ ഗോള്‍ഡിന്റെ ഉടമയാണ് അബ്ദുള്‍ ഹമീദ്, കോഴിക്കോട്ടെ അമ്പി ജ്വല്ലറിയുടെ ഉടമയാണ് ഷംസുദ്ദീന്‍. ഈ മൂന്ന് ജ്വല്ലറികളിലും നടത്തിയ തെരച്ചിലില്‍ ചില ഡിജിറ്റല്‍ ഉപകരണങ്ങളും തെളിവായി കണക്കാക്കാവുന്ന രേഖകളും കണ്ടെത്തിയതായും എന്‍ഐഎ അറിയിച്ചു.
എന്തെല്ലാം ഡിജിറ്റല്‍ ഉപകരണങ്ങളാണ് പിടിച്ചെടുത്തതെന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. തിരുവനന്തപുരം വിമാനത്താവളം വഴി യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജെന്ന വ്യാജേന സ്വര്‍ണം കടത്തി എത്തിച്ച ശേഷം, ഇടനിലക്കാര്‍ വഴി ഇത് കേരളത്തിന്റെ പലയിടങ്ങളില്‍ എത്തിച്ചുവെന്നതിന് കൃത്യമായ തെളിവും മൊഴികളും എന്‍ഐഎയ്ക്ക് ലഭിച്ചതാണ്.