ന്യൂഡല്‍ഹി: സ്വന്തം ഭാര്യയെ അപമാനിച്ചവന്റെ ചെകിട്ടത്ത് ഒന്നു കൊടുക്കാതെ വീട്ടില്‍ കിടന്നുറങ്ങാനാവില്ലെന്ന് ഷോണ്‍ ജോര്‍ജ്. ജോസ്.കെ മാണിയുടെ ഭാര്യ നിഷാ ജോസ് കെ.മാണിയുടെ പുസ്തകത്തിലെ പരാമര്‍ശവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പ്രതികരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ജോസ് കെ.മാണിക്ക് പകരം തന്റെ ഭാര്യ വന്ന് എന്നെ ഒരാള്‍ അപമാനിച്ചെന്ന് പറഞ്ഞാല്‍ അവന്റെ ചെവിക്കുറ്റിക്ക് ഒരടി കൊടുക്കാതെയോ കാല്‍ തല്ലിയൊടിക്കാതെയോ വീട്ടില്‍ പോയി കിടന്നുറങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു.
നിഷാ ജോസ് ഇനിയും ആരോപണ വിധേയന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കില്‍ കോടതിയില്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്നും എല്ലാവരും തന്നെയാണ് മുള്‍മുനിയില്‍ നിര്‍ത്തുന്നതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
സോളാര്‍ കേസില്‍ സരിത ജോസ്.കെ.മാണിയോട് കാണിച്ച മര്യാദയെങ്കിലും നിഷ എന്നോട് കാണിക്കണമെന്നും ആരോപണ വിധേയന്‍ ഞാനല്ലെങ്കില്‍ ആ ആളുടെ പേര് പറയാന്‍ തയാറാകണമെന്നും ഷോണ്‍ പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട ടി.ടി.ആറിനെ ചോദ്യം ചെയ്താല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏതെങ്കിലും മുന്നണി താല്‍പര്യത്തിന് വേണ്ടി ജോസ്.കെ.മാണി ഭാര്യയെ അപമാനിച്ചവന്റെ പേര് വെളിപ്പെടുത്താതിരിക്കുന്നതാണോ എന്ന് തനിക്കറിയില്ലെന്നും ഷോണ്‍ പറഞ്ഞു.