തിരുവനന്തപുരം: പി.സി. ജോർജ് പിണറായിയുടെ പൊലീസിന് പിടികൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മകനും കേരള ജനപക്ഷം നേതാവുമായ ഷോൺ ജോർജ്. മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ പൊലീസ് പി.സി. ജോർജിന് വേണ്ടി തിരച്ചിൽ നടത്തുന്നതിനിടെയാണ് ഷോൺ ജോർജിന്‍റെ പ്രതികരണം.
തൃക്കാക്കര തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇപ്പോൾ പി.സി. ജോർജിനെ അറസ്റ്റ് ചെയ്താൽ കുറേ ആളുകളെ പ്രീണിപ്പിക്കാൻ കഴിയും. ഇടതുപക്ഷവും വലതുപക്ഷവും കുറേ കാലമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രീണന രാഷ്ട്രീയത്തിന്‍റെ ഭാഗമാണിത്. പിണറായി വിജയന് തൃക്കാക്കരയിൽ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ നിന്നുകൊടുക്കേണ്ട കാര്യം ഇപ്പോൾ പി.സി. ജോർജിനില്ല -ഷോൺ ജോർജ് കുറ്റപ്പെടുത്തി.നാളെ ഹൈകോടതിയെ സമീപിക്കുമെന്നും ഷോൺ ജോർജ് വ്യക്തമാക്കി.
അതേസമയം, പി.സി. ജോർജിനായുള്ള തെരച്ചിൽ പൊലീസ് ഇന്നും തുടരുകയാണ്. കേസിൽ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ല സെഷന്‍സ് കോടതി തള്ളിയതിനു പിന്നാലെ പി.സി. ജോർജിനെ തേടി വൻ പൊലീസ് സംഘം ഈരാറ്റുപേട്ടയിലെ വസതിയിലെത്തിയിരുന്നെങ്കിലും അദ്ദേഹം അവിടെ ഇല്ലായിരുന്നു. മണിക്കൂറുകൾക്ക് മുമ്പ് ജോർജ് വീട്ടിലുണ്ടായിരുന്നതായി അയൽവാസികൾ പൊലീസിനോട് പറഞ്ഞു. ഫോണിലും ലഭിക്കാതായതോടെ വീട്ടിലെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ബന്ധുവീടുകളിലും തെരച്ചിൽ നടത്തി. സ്ഥിരം ഉപയോഗിക്കുന്ന വാഹനത്തിനു പകരം മറ്റൊരു വാഹനത്തിലാണ് അദ്ദേഹം വീട്ടിൽനിന്ന് പോയതെന്നാണ് വിവരം. അദ്ദേഹം എവിടെയുണ്ടെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നത്.