നവകേരള ബസിന് നേരെ ഷൂ ഏറ്; കടുത്ത നിയമ നടപടിയിലേക്ക് പോകേണ്ടി വരും, പിന്നീട് വിലപിച്ചിട്ട് കാര്യമില്ല; മുഖ്യമന്ത്രി

കൊച്ചി: പെരുമ്പാവൂര്‍ നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം. പെരുമ്പാവൂരില്‍ നിന്ന് കോതമംഗലത്തേക്കുള്ള യാത്രക്കിടെയായിരുന്നു ഷൂ എറിഞ്ഞുള്ള പ്രതിഷേധം. പ്രതിഷേധിച്ച നാല് കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യോഗവേദിക്ക് സമീപം കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ മര്‍ദിച്ചു. ഏറിലേക്ക് പോയാല്‍ കടുത്ത നിയമ നടപടി നേരിടേണ്ടിവരുമെന്ന് തൊട്ടടുത്ത യോഗ സ്ഥലത്ത് മുഖ്യമന്ത്രി മറുപടി നല്‍കി.

പെരുമ്പാവൂര്‍ പട്ടണത്തിലെ നവകേരള സദസ് വേദിക്ക് സമീപമായിരുന്നു യൂത്ത് കോണ്‍ഗ്രസ്‌കെഎസ്‌യു പ്രതിഷേധം തുടങ്ങിയത്. വാഹന വ്യൂഹത്തിന് നേര്‍ക്ക് കരിങ്കൊടി വീശി. ഓടിയടുക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ തടഞ്ഞു. പിന്നെ മര്‍ദിച്ചു. യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യു പതാകകള്‍ ഡിവൈഎഫ്‌ഐക്കാര്‍ പിടിച്ചെടുത്ത് കത്തിച്ചു. പിന്നാലെ പ്രതിഷേധക്കാരം പൊലീസെത്തി കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂരിലെ യോഗം കഴിഞ്ഞ കോതമംഗലത്തേക്ക് പോകുമ്പോള്‍ ഓടക്കാലിയില്‍ വെച്ചായിരുന്നു നവകേരള ബസിന് നേര്‍ക്ക് ഷൂസ് എറിഞ്ഞത്. ബസിലും പിന്നാലെ വന്ന പൊലീസ് വാഹനത്തിന് മുകളിലും ഷൂസ് വീണു. സംഭവത്തില്‍ നാല് കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, കോതമംഗലത്തെ പ്രസംഗത്തിന്റെ തുടക്കത്തില്‍ത്തന്നെ മുഖ്യമന്ത്രിയുടെ മറുപടിയുമെത്തി.

ഷൂ ഏറിലേക്ക് പോയാല്‍ മറ്റ് നടപടികളിലേക്ക് പോകേണ്ടി വരുമെന്നും പിന്നെ വിലപിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നവകേരള സദസിനെത്തുന്നവര്‍ ഒന്നിച്ച് ഊതിയാല്‍ പറന്ന് പോകുന്നവരേയുള്ള എറിയാന്‍ വരുന്നവരെന്നും പിണറായി വിജയന്‍ പറഞ്ഞു. നവകേരള സദസിനെ മറ്റൊരു രീതിയില്‍ തിരിച്ചുവിടാന്‍ നീക്കം നടക്കുകയാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ ഇടപെടാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണ്. സര്‍ക്കാരിനെ ദുര്‍ബലപെടുത്താനാനുള്ള രാഷ്ട്രീയ നീക്കമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top