ജറുസലേം; ഇസ്രയേലിലെ ജറുസലേമിലെ ജൂത ആരാധനാലയത്തിലുണ്ടായ വെടിവെപ്പിൽ ഏഴ് മരണം. പത്തു പേർക്ക് പരിക്കേറ്റു. പൊലീസുമായുള്ള വെടിവെപ്പിൽ ആക്രമിയും കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം പാലസ്തീനിനു നേരെയുണ്ടായ ഇസ്രയേലി സൈനിക നടപടിയിൽ പത്ത് പേർ കൊല്ലപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് സിനഗോഗ് ആക്രമിക്കപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി പ്രാർത്ഥനയ്ക്ക് ശേഷം സിനാഗോഗിൽ നിന്ന് പുറത്തിറങ്ങിയവർക്ക് നേരെ അക്രമി നിറയൊഴിക്കുകയായിരുന്നു. ഏഴു പേർ കൊല്ലപ്പെട്ടതായി ഇസ്രയേലി പൊലീസ് വ്യക്തമാക്കി. പരിക്കേറ്റവരിൽ ചിലരുടെ പരിക്ക് ഗുരുതരമാണെന്നും പൊലീസ് പറഞ്ഞു. വെടിയേറ്റവരിൽ 14 വയസുകാരനും 70 കാരനും ഉൾപ്പെടുന്നുണ്ട്. ഈസ്റ്റ് ജറുസലേം സ്വദേശിയായ 21കാരനാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
പലസ്തീൻ വെസ്റ്റ് ബാങ്കിലെ ജെനിനിലാണ് ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ കഴിഞ്ഞ ദിവസം 10 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടത്. പ്രദേശത്തെ കുട്ടികളുടെ ആശുപത്രിയിലും ഇസ്രായേലി ടിയർ ഗ്യാസ് ഷെല്ലുകൾ പതിച്ചു. ആക്രമണത്തിന് പദ്ധതിയിട്ട ഹമാസ്, ഇസ്ലാമിക് ജിഹാദ് എന്നീ തീവ്രവാദ സംഘടനയിലുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് തങ്ങൾ നടത്തിയതെന്ന് ഇസ്രായേലി സൈന്യം പ്രതികരിച്ചത്. അതേസമയം സംഭവം കൂട്ടക്കുരുതിയാണെന്ന് പലസ്തീൻ ഭരണകൂടം പ്രതികരിച്ചു.