പൊലീസ് വാഹനത്തിനു നേരെ വെടിവയ്പ്; ഗുണ്ടാസംഘം പിടിയില്‍

മഞ്ചേശ്വരം: കാസര്‍കോട് മഞ്ചേശ്വരത്ത് പൊലീസ് വാഹനത്തിനു നേരെ വെടിവച്ച ഗുണ്ടാസംഘത്തെ കര്‍ണാടക വിട്ട്ലയില്‍ കര്‍ണാടക പൊലീസ് പിടികൂടി. ഉപ്പള ടൗണില്‍ വച്ച് ഇന്നലെ ഗുണ്ടാസംഘം അകാശത്തേക്ക് വെടിവച്ച് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.

ഇതേ തുടര്‍ന്നു കാസര്‍കോട് ഡിവൈഎസ്പി പി.പി.സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം ഗുണ്ടാസംഘങ്ങള്‍ സഞ്ചരിച്ച 2 വാഹനം പിന്തുടരുകയായിരുന്നു. ഇതിനിടെ സംഘം ഒരു കാര്‍ ഉപേക്ഷിച്ച് ഊടുവഴിയിലൂടെ രക്ഷപ്പെട്ടു. കാറില്‍ നിന്നു തിരയുടെ അവിശിഷ്ടങ്ങള്‍ കണ്ടെത്തുകയും കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സംഭവത്തില്‍ വാഹനത്തിനു കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആളപായമില്ല. രാത്രിയോടെ ഗുണ്ടാസംഘത്തെ പിടികൂടാനായി വല വിരിച്ചപ്പോള്‍ സംഘം മീയ്യപദവില്‍ വച്ച് പൊലീസിന്റെ വാഹനത്തിനു നേരെ വെടിവെച്ച് കര്‍ണാടകയിലേക്ക് രക്ഷപ്പെടുകയായിരുന്നു.

കാസര്‍കോട് പൊലീസ് കര്‍ണാടക പൊലീസിനു നല്‍കിയ വിവരത്തെ തുടര്‍ന്നു വാഹനപരിശോധനക്കിടെ വിട്ട്ല പൊലീസ് സ്റ്റേഷനിലെ എസ്ഐക്കു നേരെ വെടി ഉയര്‍ത്തു. തുടര്‍ന്നു കര്‍ണാടക പൊലീസ് പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു.

 

Top