ഭക്ഷണവും വെള്ളവും അടക്കമുള്ള അവശ്യസാധനങ്ങള്‍ക്കായി സഹായവിതരണം കാത്തുനില്‍ക്കേ ഗാസയിലെ ജനങ്ങള്‍ക്കുനേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. ഗാസ സിറ്റിയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. ജനക്കൂട്ടത്തിന് നേരെ നടത്തിയ വെടിവെപ്പില്‍ ഏകദേശം 115 ആളുകള്‍ കൊല്ലപ്പെട്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ജനക്കൂട്ടം ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യം ഉണ്ടായപ്പോഴാണ് വെടിയുതിര്‍ത്തതെന്നും തിക്കിലും തിരക്കിലുമാണ് നിരവധി പേര്‍ മരിച്ചതെന്നുമായിരുന്നു ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം.
യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും തമ്മില്‍ വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇസ്രയേലിന്റെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ പിന്തുണച്ചു. കരമാര്‍ഗം വഴിയുള്ള സുപ്രധാന മാനുഷിക സാധനങ്ങളുടെ പ്രവേശനം ഇസ്രയേല്‍ നിയന്ത്രിക്കുന്നത് തുടരുന്നതിനാല്‍, ഗാസയില്‍ ഭക്ഷണം എയര്‍ഡ്രോപ്പ് ചെയ്യുമെന്ന ബൈഡന്റെ പ്രഖ്യാപനം ശനിയാഴ്ച മുതല്‍ നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്.ഇതിനിടെ ഗാസയിലെ ആശുപത്രികള്‍ പത്ത് കുട്ടികളെങ്കിലും പട്ടിണി കിടന്ന് മരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഔദ്യോഗിക രേഖകള്‍ പ്രകാരമാണ് ഈ കണക്കെന്നും അനൗദ്യോഗിക രേഖകള്‍ പ്രകാരം കണക്ക് ഉയര്‍ന്നതാകാമെന്നും എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ലോകാരോഗ്യ സംഘടന വക്താവ് ക്രിസ്റ്റ്യന്‍ ലിന്‍ഡ്മെയര്‍ വ്യക്തമാക്കി.
അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് യുകെ ഒരു വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണ്‍ പ്രസ്താവന ഇറക്കിയിരുന്നു. ഗാസയില്‍ സഹായവിതരണ സംഘത്തിനായി കാത്തുനിന്നവരുടെ മരണം ഭയാനകമായിരുന്നു. ഇത് വീണ്ടും സംഭവിക്കരുത്. ഗാസയിലേക്ക് കൂടുതല്‍ സഹായം നല്‍കാന്‍ ഇസ്രയേല്‍ അനുവദിക്കണമെന്നും കാമറൂണ്‍ പറഞ്ഞു. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നായിരുന്നു ഫ്രാന്‍സിന്റെ ആവശ്യം. എന്താണ് സംഭവിച്ചതെന്ന് ഇസ്രയേല്‍ സൈന്യം വിശദീകരിക്കണമെന്ന് ജര്‍മനിയും നിലപാടെടുത്തു.യുഎന്‍ സംഘത്തിന്റെ കണ്ടെത്തല്‍ പ്രകാരം, സംഭവത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിരവധി പേരുടെ ശരീരത്തില്‍ വെടിയേറ്റ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഗാസയിലെ അല്‍-അവ്ദ ആശുപത്രിയുടെ റിപ്പോര്‍ട്ട് പ്രകാരം, പരുക്കേറ്റവരില്‍ 80 ശതമാനം പേര്‍ക്കും വെടിയേറ്റിട്ടുണ്ട്. ആശുപത്രിയിലെത്തിച്ച പരുക്കേറ്റ 176 പേരില്‍ 142 പേരിലും വെടിയേറ്റ മുറിവുകള്‍ കണ്ടെത്തി. യുകെ, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളും യൂറോപ്യന്‍ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകളും സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.