ജറൂസലം: ജറൂസലമിന് സമീപമുള്ള ടണല്‍സ് ചെക്ക്പോസ്റ്റില്‍ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാറിലെത്തിയവര്‍ നടത്തിയ വെടിവെപ്പില്‍ നാല് ഇസ്രായേലുകാര്‍ക്ക് പരിക്കേല്‍ക്കുകയും ഇസ്രായേല്‍ സേന നടത്തിയ വെടിവെപ്പില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെടുകയുമായിരുന്നു.
നാലുപേര്‍ക്ക് പരിക്കേറ്റതായി ഇസ്രായേല്‍ ദ്രുതകര്‍മ സേനയായ മാഗന്‍ ഡേവിഡ് അഡോം അറിയിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. 20 വയസ്സുള്ള യുവാവ് ഉള്‍പ്പെടെ നാല് പേര്‍ക്കാണ് വെടിയേറ്റത്. ഇസ്രായേലി എമര്‍ജന്‍സി സര്‍വിസ് സംഭവ സ്ഥലത്തെ ദൃശ്യങ്ങള്‍ എക്‌സില്‍? പോസ്റ്റ് ചെയ്തിട്ടുണ്ട്. സംശയാസ്പദമായ വാഹനത്തില്‍ എത്തിയ അക്രമികള്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെടിയുതിര്‍ത്ത മൂന്ന് പേരെ കൊലപ്പെടുത്തിയതായി ഇസ്രായേല്‍ പൊലീസ് അറിയിച്ചു.
‘ഞങ്ങള്‍ ഉടന്‍ സംഭവസ്ഥലത്തെത്തി. 4 പേര്‍ വെടിയേറ്റ് കിടക്കുന്നത് കണ്ടു. അവരില്‍ 20 വയസ്സുകാരന്‍ വെടിയേറ്റ് അബോധാവസ്ഥയിലായിരുന്നു. ജീവനുവേണ്ടി മല്ലിടുന്ന അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നല്‍കി അതിവേഗം ഷാരെ സെഡെക് ആശുപത്രിയിലേക്ക് മാറ്റി’ -ഇസ്രായേല്‍ ദ്രുതകര്‍മ സേന അറിയിച്ചു.