പാരീസ്: ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് പാരീസില്‍ വീണ്ടും വെടിവയ്പ്പ്. ആക്രമണത്തില്‍ പങ്കാളിയായ ഒമ്പതാമത്തെ ഭീകരനെ തിരയുന്നതിനിടെയാണ് നഗരത്തില്‍ വീണ്ടും വെടിവയ്പ്പുണ്ടായിരിക്കുന്നത്.
അതേ സമയം ആരെയാണ് പൊലീസ് ലക്ഷ്യം വച്ചതെന്നും ആരുമായാണ് വെടിവയ്പ്പുണ്ടായതെന്നും വ്യക്തമല്ല. പ്രത്യേക സുരക്ഷാസേനയും ഓപ്പറേഷനില്‍ പങ്കെടുത്തു. ഒരു പൊലീസുകാരന് പരുക്കേറ്റിട്ടുണ്ട്.
പാരീസ് ഭീകരാക്രമണത്തിന്റെ ആഘാതത്തില്‍ നിന്ന് വിട്ടു മാറുന്നതിന് മുമ്പെ നഗരം കനത്ത ജാഗ്രതയില്‍ നില്‍ക്കുമ്പോഴാണ് വെടിവയ്പ്പ്. പാരീസ് ആക്രമണകാരികളില്‍ ഒമ്പതാമത് ഒരു ഭീകരന് കൂടിയുണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയോ ലഭിച്ചതോടെ ഫ്രഞ്ച് അധികൃതര്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒലാന്ദിന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും.