കൊച്ചി: എറണാകുളത്ത് പനമ്പള്ളി നഗറില്‍ ബ്യൂട്ടിപാര്‍ലറിന് നേര്‍ക്ക് വെടിവെയ്പ്പ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് വെടിവെയ്പ്പ് നടന്നതെന്നാണ് സൂചന. വെടിവെയ്പ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ബ്യൂട്ടിപാര്‍ലര്‍ ഉടമയ്ക്ക് പണം ആവശ്യപ്പെട്ട് പല തവണ ഫോണില്‍ ഭീഷണി സന്ദേശം വന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുംബൈ അധോലോക നായകന്‍ രവി പൂജാരയുടെ പേരിലായിരുന്നു ഫോണ്‍ കോളുകള്‍ എത്തിയിരുന്നത്. 25 കോടി രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പണം നല്‍കാന്‍ ഉടമ തയ്യാറായില്ല. പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പൊലീസില്‍ പരാതി പെട്ടതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് അക്രമികള്‍ വെടിവെയ്പ്പ് നടത്തിയതെന്നും സൂചനയുണ്ട്.
വെടിവയ്പ്പിനു ശേഷം സംഘം രക്ഷപ്പെട്ടു. രക്ഷപ്പെടുന്നതിനിടെ മുംബൈ അധോലോക ഗുണ്ടയുമായി ബന്ധമുണ്ടെന്നു സൂചിപ്പിക്കുന്ന ഒരു പേപ്പര്‍ സ്ഥലത്തു നിന്ന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.