പട്‌ന: ഇരുപത് രൂപയുടെ പാന്‍മസാല കടം നല്‍കാത്തതിനെച്ചൊല്ലിയുള്ള വഴക്കിനൊടുവില്‍ കടയുടെ ഉടമസ്ഥനെ വെടിവെച്ച് കൊന്നു. ബിഹാറിലെ ത്രിവേണിഗഞ്ചില്‍ വ്യാപാരസ്ഥാപനം നടത്തുന്ന മിഥിലേഷിനെയാണ് ഗുണ്ടാത്തലവനായ അജിത്കുമാര്‍ കൊലപ്പെടുത്തിയത്. തിങ്കളാഴ്ചയായിരുന്നു കൊലപാതകം നടന്നത്.
ഞായറാഴ്ച രാത്രി മിഥിലേഷിന്റെ പിതാവ് കടയില്‍നില്‍ക്കുന്ന നേരത്ത് അജിത്കുമാര്‍ പാന്‍മസാല വാങ്ങാനെത്തി. പാന്‍മസാല കടമായി നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ 20 രൂപയുടെ പാന്‍മസാല കടം നല്‍കാനാവില്ലെന്ന് മിഥിലേഷിന്റെ പിതാവ് പറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും അജിത് തിരികെ പോവുകയും ചെയ്തു.
പിറ്റേദിവസം രാവിലെ തന്റെ കൂട്ടാളികളുമായാണ് അജിത് കടയിലേക്ക് വന്നത്. ഈ സമയം മിഥിലേഷാണ് കടയിലുണ്ടായിരുന്നത്. തുടര്‍ന്ന് മിഥിലേഷുമായി തര്‍ക്കമുണ്ടാവുകയും കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. വിവരമറിഞ്ഞ് സമീപത്തുണ്ടായിരുന്ന മിഥിലേഷിന്റെ സഹോദരനടക്കം കടയിലേക്ക് ഓടിയെത്തിയെങ്കിലും പ്രതികള്‍ ബൈക്കുകളില്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ കേസെടുത്തതായും പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.