കോഴിക്കോട്: ലോക്ക്ഡൗണിന്റെ പേരില്‍ കടകള്‍ തുടര്‍ച്ചയായി അടച്ചിടുന്നുവെന്ന് ആരോപിച്ച് കോഴിക്കോട് മിഠായി തെരുവില്‍ വ്യാപാരികള്‍ പ്രതിഷേധിക്കുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കടകള്‍ തുറക്കാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞതാണ് പ്രതിഷേധത്തിന് കാരണമായത്. യൂത്ത് കോണ്‍ഗ്രസും വ്യാപാര വ്യവസായി ഏകോപന സമിതി അംഗങ്ങളും സംയുക്തമായാണ് പ്രതിഷേധിക്കുന്നത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കടകള്‍ തുറക്കാന്‍ അനുവധിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ജീവിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ പ്രതിഷേധിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. കടകള്‍ മുഴുവന്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതു വരെ സമരവുമായി മുന്നോട്ടുപോകും. തങ്ങളുടേത് ന്യായമായ ആവശ്യമാണ്. ബിവറേജസിന് മുന്നില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തുന്നുണ്ട്. എന്തുകൊണ്ടാണ് വ്യാപാരികളെ സര്‍ക്കാര്‍ അവഗണിക്കുന്നതെന്നും ഇവര്‍ ചോദിക്കുന്നു.
ലോക്ക്ഡൗണിന്റെ സമയത്ത് വളരെ കഷ്ടപ്പെട്ടാണ് മുന്നോട്ടുപോയത്. സര്‍ക്കാര്‍ കണ്ണുതുറക്കണം. വ്യാപാരികളെയും പരിഗണിക്കണം. ജീവിക്കാന്‍ കഴിയുന്നില്ല. ലക്ഷക്കണക്കിന് രൂപയുടെ കടംകയറി ആത്മഹത്യയുടെ വക്കിലാണ് തങ്ങളെന്നും വ്യാപാരികള്‍ പറയുന്നു.