മോഫിയയുടെ മരണം; സിഐക്കെതിരെ കേസെടുക്കാത്തത് സര്‍ക്കാരിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവുമെന്ന് 

കൊച്ചി: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ മോഫിയ പര്‍വീണിന്റെ ആത്മഹത്യാക്കുറിപ്പില്‍ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സി.എല്‍.സുധീറിനെതിരെ ഐപിസി 306 പ്രകാരം ആത്മഹത്യാ പേരണയ്ക്കു കേസെടുക്കണമെന്ന് ഹൈക്കോടതി മുന്‍ ജസ്റ്റിസ് കെമാല്‍ പാഷ. അത് ആരെങ്കിലും ബഹളമുണ്ടാക്കിയിട്ടു ചെയ്യണ്ട കാര്യമല്ല. ഇത് ചെയ്യാത്തത് സര്‍ക്കാരിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവുമാണെന്ന് അദ്ദേഹം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇയാള്‍ കാരണം ഞാന്‍ മരിക്കുകയാണ് എന്ന് ഒരാള്‍ എഴുതിവച്ചു മരിച്ചു കഴിഞ്ഞാല്‍ അതിനര്‍ഥം അത്രത്തോളം അയാള്‍ മനസ് വിഷമിപ്പിച്ചു എന്നു തന്നെയാണ്. മരണത്തിലേയ്ക്ക് തള്ളിവിട്ടു എന്നു തന്നെയാണ് അര്‍ഥം. ആത്മഹത്യാ പേരണാ കുറ്റം അതില്‍ വരും. സാധാരണക്കാരന്റെ പേരിലായിരുന്നെങ്കില്‍ അപ്പോഴേ കേസെടുത്തേനേ. ഗുരുതരമായ ആരോപണങ്ങളാണ് മോഫിയ പൊലീസിനോടു പറഞ്ഞത്.

ലൈംഗിക വൈകൃതമുള്ള ആളാണ് ഭര്‍ത്താവ്, അയാളുടെ കൂടെ താമസിക്കാന്‍ സാധിക്കില്ല, അത്രമേല്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു. ഭര്‍ത്താവിന്റെ ഉമ്മയാണെങ്കില്‍ മോഫിയയെ ഉപദ്രവിക്കുന്നു. ഇതെല്ലാം പറഞ്ഞ് ഒരു പരാതി എഴുതി അവിടെ കൊടുത്തിട്ടു ഒരു പ്രയോജനവുമുണ്ടായില്ല. പൊലീസ് സ്റ്റേഷനില്‍ പോകുമ്പോള്‍ നീതി ലഭിക്കുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. പരാതി നല്‍കിയിട്ടും ആരും 24 ദിവസം അനങ്ങിയില്ല. മോഫിയ മരിച്ച ശേഷം 25 നാണ് കേസെടുക്കുന്നത്.

ഒരു പരാതി എഴുതിക്കൊടുത്താല്‍ പ്രതികളെ വിളിച്ചു വരുത്തേണ്ടത് പരാതിക്കാരിക്കൊപ്പമല്ല. ആദ്യം പെണ്‍കുട്ടിയെ വിളിച്ചു മൊഴിയെടുക്കണം. എന്നിട്ടു വേണം പ്രതികളെ വിളിച്ചു വരുത്താന്‍. അതിനു പകരം അവര്‍ക്കൊപ്പം യുവതിയെ വിളിച്ചു വരുത്തി ഒരുപാട് ആക്ഷേപിച്ചു. പിതാവിനെ ബ്രോക്കറെന്നു വിളിച്ച് പരിഹസിച്ചു. ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ മുന്നിലിട്ടാണ് ഇതെല്ലാം ചെയ്തത്. അന്തസ്സ് എന്നത് എല്ലാവര്‍ക്കും ഉള്ളതാണ്. വളരെ മോശമായ രീതിയില്‍ എടീ, പോടി എന്നെല്ലാം ഇന്‍സ്‌പെക്ടര്‍ മോഫിയയെ വിളിച്ചു. നിയമം പഠിക്കുന്ന ഒരു പെണ്‍കുട്ടിയാണ്. അതിന്റെ അന്തസ്സിനു അതു സഹിക്കാന്‍ പറ്റാതെ വന്നതോടെയാണ് കുട്ടി മരിക്കുന്നത്.

ഇത്രയും വൃത്തികേടു കാണിച്ചയാളെയാണ് ആളുകള്‍ ബഹളമുണ്ടാക്കിയപ്പോള്‍ ജോലിയില്‍ നിന്നു മാറ്റി നിര്‍ത്തിയത്. ശരിക്കു ചെയ്തത് ഇന്‍സ്‌പെക്ടര്‍ക്കു വീട്ടില്‍ പോകാന്‍ സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നു. ഇത്രയും സംഭവിച്ചിട്ടും പിറ്റേന്നും കുളിച്ചൊരുങ്ങി ഇങ്ങുപോരുകയാണ് സല്യൂട്ടും വാങ്ങി ജോലി ചെയ്യാന്‍. അപ്പോഴാണ് ആളുകള്‍ മനസിലാക്കുന്നത് ഇന്‍സ്‌പെക്ടറെ മാറ്റി നിര്‍ത്തിയിട്ടില്ലെന്ന്. അതു കഴിഞ്ഞും സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി തയാറാകാതിരുന്നത് എന്താണ് എന്നു മനസിലാകുന്നില്ല.

ഉത്ര കേസില്‍ വീട്ടുകാര്‍ പരാതിയുമായി ചെന്നപ്പോള്‍ അതിലൊന്നും കാര്യമില്ല, ഒരു പ്രശ്‌നവുമില്ലെന്നു പറഞ്ഞു വിട്ടു. ഒടുവില്‍ അതു കൊലപാതകമാണെന്നു തെളിഞ്ഞു. അത് വേറെ ഉദ്യോഗസ്ഥര്‍ വിചാരിച്ചതു കൊണ്ടാണ്. ക്രൈം നടന്നാല്‍ അതിനെതിരെ ഡിപ്പാര്‍ട്‌മെന്റല്‍ അന്വേഷണവും നടപടിയുമല്ല വേണ്ടത്. ഐപിസി 306 പ്രകാരം പ്രതിയാക്കി കേസെടുക്കണം. ഇവരെ സംരക്ഷിക്കാന്‍ ചിലര്‍ ഉള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും കെമാല്‍ പാഷ പറഞ്ഞു.

Top