സെലിബ്രിറ്റികള്‍ ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കുന്നത് പുതിയ കാര്യമൊന്നുമല്ല, എന്നാല്‍ മറ്റു താരങ്ങള്‍ അത്യാഡംബര എസ്.യു.വികളിലേക്ക് തിരിയുമ്പോള്‍ ആഡംബര സ്പോര്‍ട്സ് കാറായ ലംബോര്‍ഗിനി ഹുറാകാനാണ് ശ്രദ്ധ കപൂര്‍ സ്വന്തമാക്കിയിരിക്കുന്നത്. 4.04 കോടി രൂപ എക്സ്ഷോറൂം വില വരുന്ന ലംബോര്‍ഗിനി ഹുറാകാന്‍ ടെക്നിക്ക എന്ന മോഡലാണ് ശ്രദ്ധയുടെ ഗ്യാരേജില്‍ എത്തിയിരിക്കുന്നത്.
താരത്തിന്റെ സുഹൃത്തും ലംബോര്‍ഗിനി മുംബൈയുടെ ഭാഗവുമായ പൂജ ചൗധരിയാണ് പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഹുറാകാന്‍ ഇവോ, ഹുറാകാന്‍ എസ്.ടി.ഒ. എന്നീ മോഡലുകള്‍ക്കിടയിലേക്ക് 2022-ല്‍ ലംബോര്‍ഗിനി എത്തിച്ച വാഹനമാണ് ഹുറാകാന്‍ ടെക്നിക്ക. സൂപ്പര്‍ കാര്‍ എന്നത് കേവലം ഒരു കാര്‍ എന്നതിലുപരി തടസ്സങ്ങള്‍ മറികടന്ന് സ്വപ്നത്തിലേക്കുള്ള കുതിപ്പിന്റെ പ്രതീകമാണ്.
ഇതിനോടകം തന്നെ വലിയ നേട്ടങ്ങളുടെ ഉടമയായ ഒരു സ്ത്രീക്ക് ഈ വാഹനത്തിന്റെ താക്കോല്‍ കൈമാറാന്‍ സാധിക്കുന്നതില്‍ ഏറെ അഭിമാനിക്കുന്നു. ശ്രദ്ധയുടെ നേട്ടങ്ങള്‍ മറ്റ് കുട്ടികള്‍ക്കും ഒരു പ്രചോദനമാകട്ടെ എന്ന ആശംസയോടെയാണ് ശ്രദ്ധ കപൂര്‍ വാഹനം സ്വന്തമാക്കിയ സന്തോഷം സുഹൃത്ത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
മെക്കാനിക്കല്‍ സംവിധാനങ്ങള്‍ ലംബോര്‍ഗിനി ഇവോ, എസ്.ടി.ഒ. തുടങ്ങിയ മോഡലുകളുമായി പങ്കിട്ടാണ് ടെക്നിക്കയും എത്തിയിട്ടുള്ളത്. 5.2 ലിറ്റര്‍ വി10 ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 630 ബി.എച്ച്.പി. പവറും 565 എന്‍.എം. ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. 3.2 സെക്കന്‍ഡില്‍ 100 കിലോമീറ്ററും 9.0 സെക്കന്‍ഡില്‍ 200 കിലോമീറ്ററും വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 325 കിലോമീറ്ററാണ്.