ദില്ലി: ദില്ലിയിലെ ശ്രദ്ധ കൊലപാതക കേസിലെ പ്രതി അഫ്താബിനെ കൊണ്ടു പോയ പോലീസ് വാഹനത്തിന് നേരെ ആക്രമണം. രോഹിണിയിലെ ഫൊറൻസിക് ലാബിൽ നിന്ന് അഫ്താബിനെ പുറത്തേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു ആക്രമണം. വാളുമായി എത്തിയവർ പൊലീസ് വാൻ ഡോർ വലിച്ച് തുറന്ന് അഫ്താബിനെ ആക്രമിക്കാൻ ശ്രമിച്ചു. ഹിന്ദു സേന പ്രവർത്തർ എന്ന് അവകാശപ്പെടുന്നവരാണ് വാളുമായി എത്തിയത്. ആക്രമിക്കാൻ എത്തിയവരിൽ നിന്ന് പോലീസ് വാളുകൾ പിടിച്ചെടുത്തു. നാർക്കോ പരിശോധനക്കായാണ് അഫ്താബിനെ ലാബിലെത്തിച്ചത്. വാളു കൊണ്ട് പൊലീസ് വാഹനത്തിൽ പ്രതികൾ വെട്ടി. ഇവരെ പിന്തിരിപ്പിക്കാൻ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു.
ശ്രദ്ധ കൊലപാതക കേസിൽ ഇന്ന് നിർണായകമായ ഒരു തെളിവ് ലഭിച്ചതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു. മൃതദേഹം വെട്ടാൻ അഫ്താബ് ഉപയോഗിച്ച ആയുധം കണ്ടെടുത്തതാണിത്. മൃതദേഹം വെട്ടാൻ ഒന്നിലധികം ആയുധങ്ങൾ ഉപയോഗിച്ചതായാണ് പോലീസിൻറെ നിഗമനം. അഫ്താബിന്റെ ഫ്ലാറ്റിൽ നിന്നും നേരത്തെയും ആയുധങ്ങൾ കണ്ടെത്തിയിരുന്നു. മൃതദേഹം വെട്ടുന്നതിന് മുൻപ് ശ്രദ്ധയുടെ മോതിരം അഫ്താബ് അഴിച്ചുമാറ്റി എന്ന് പോലീസ് കണ്ടെത്തി. കൊലപാതകത്തിന് ശേഷം അഫ്താബ് ഇത് താനുമായി പ്രണയത്തിലായ മറ്റൊരു സ്ത്രീക്ക് നൽകിയെന്നും പൊലീസ് പറയുന്നു.