മുംബൈ: ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ ഇന്ത്യന്‍ ടീമില്‍ നിന്ന് പിന്മാറിയ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ ക്രിക്കറ്റിലേക്ക് വരുന്നു. രഞ്ജി ട്രോഫി സെമി ഫൈനലില്‍ മുംബൈ ടീമില്‍ താരം കളിക്കും. പുറം വേദനയുണ്ടെന്ന് അറിയിച്ചാണ് അയ്യര്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പിന്മാറിയത്. എന്നാല്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി താരത്തിന് പരിക്കില്ലെന്ന് അറിയച്ചു. ഇതോടെ ഇന്ത്യന്‍ ബാറ്റര്‍ ഐപിഎല്ലിനായി ദേശീയ ടീമില്‍ നിന്ന് ഒഴിവായതെന്ന് സംശയം ഉയര്‍ന്നിരുന്നു.
അതിനിടെ തമിഴ്‌നാട് ടീമിലേക്ക് വാഷിംഗ്ടണ്‍ സുന്ദര്‍, സായി സുദര്‍ശന്‍ എന്നിവര്‍ തിരികെയെത്തും. ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ അംഗമാണ് സുന്ദര്‍. താരത്തെ അഞ്ചാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ബിസിസിഐ ഒഴിവാക്കും. പരിക്കിന്റെ പിടിയിലായിരുന്നു സുദര്‍ശന്‍ കൂടെ മടങ്ങിയെത്തുന്നതോടെ തമിഴ്‌നാട് ടീം കൂടുതല്‍ ശക്തിപ്പെടും.
മാര്‍ച്ച് രണ്ടിന് തമിഴ്‌നാടിനെതിരെയാണ് മുംബൈയുടെ രഞ്ജി ട്രോഫി സെമി ഫൈനല്‍ മത്സരം ആരംഭിക്കുക. അയ്യര്‍ ടീമില്‍ ഉണ്ടാകുമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ശ്രേയസ് അയ്യരിന് മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. നാല് ഇന്നിംഗ്‌സുകളിലായി അയ്യരിന് 104 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്.