ആരാധനാലയങ്ങള്‍ തുറക്കാം; തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് തല്‍ക്കാലം തുറക്കില്ല

തിരുവനന്തപുരം: ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് തല്‍ക്കാലം തുറക്കില്ല. ജമാഅത് പരിപാലന സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ഇവിടെ ആരാധനയ്ക്കായി എത്തുന്നവരില്‍ ഏറിയ പങ്കും യാത്രക്കാരും അപരിചിതരുമാണ്.

ഇത്തരമൊരു സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ബുദ്ധിമുട്ടായതുകൊണ്ടാണ് ജുമാ മസ്ജിദ് തല്‍ക്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും ജമാഅത് പരിപാലന സമിതി പറഞ്ഞു. സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ വീണ്ടും തുറക്കുന്നത് കേന്ദ്രനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പറഞ്ഞത്.

വിഗ്രഹം, വിശുദ്ധപുസ്തകം തുടങ്ങിയവയില്‍ തൊടാന്‍ പാടില്ല. പ്രസാദവിതരണവും തീര്‍ത്ഥജലം തളിക്കലും പാടില്ല. സാമൂഹിക അകലം നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 65 വയസിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസിന് താഴെയുള്ളവര്‍, മറ്റ് അസുഖബാധിതര്‍ എന്നിവര്‍ വീട്ടില്‍ കഴിയണമെന്നാണ് കേന്ദ്രനിര്‍ദേശം. അത് ഇവിടെയും നടപ്പാക്കും.

ആരാധനാലയങ്ങളിലും ആറടി അകലം പാലിക്കണം, ഇവിടെ എത്തുന്നവര്‍ മാസ്‌ക്ക് ധരിക്കണം, കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. ചുമയ്ക്കുമ്പോള്‍ തൂവാല കൊണ്ട് മുഖം മറയ്ക്കണം. ടിഷ്യു ഉപയോഗിക്കുന്നെങ്കില്‍ അത് ശരിയായി നിര്‍മ്മാര്‍ജനം ചെയ്യണം. രോഗലക്ഷണമുള്ളവര്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കരുതെന്നുമുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്.

Top