തിരുവനന്തപുരം: മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍വീസ് നിയമമനുസരിച്ച് ജാമ്യം ലഭിച്ചില്ലെങ്കില്‍ ഇയാളെ സസ്പെന്‍ഡ് ചെയ്യേണ്ട സമയപരിധി പിന്നിടുകയാണ്. ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് രക്ഷപെടാനുള്ള ഇയാളുടെ നീക്കങ്ങള്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ടു പരിശോധിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ശ്രീറാമിന്റെ പരുക്ക് സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ ഉടന്‍ പുറത്തുവിടണം. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘത്തെ ഇയാളുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ ഉടന്‍ നിയോഗിക്കണമെന്നും, അതിന്റെ അടിസ്ഥാനത്തില്‍ ശ്രീറാമിനെ ആവശ്യമെങ്കില്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സമൂഹത്തോട് ഉത്തരവാദിത്വമുളള ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണ് സ്വബോധം നഷ്ടപ്പെട്ട് ഒരു മാധ്യമപ്രവര്‍ത്തകന്റെ ജീവനെടുത്തത്. ആ ഗൗരവം ഉള്‍ക്കൊണ്ടുള്ള നടപടികള്‍ സര്‍ക്കാരില്‍ നിന്നുണ്ടായേ തീരൂ. പേരിന് അറസ്റ്റ് രേഖപ്പെടുത്തിയശേഷം ആശുപത്രിയില്‍ ജാമ്യം കിട്ടി പുറത്തുചാടാനുള്ള ശ്രീറാമിന്റെ നീക്കങ്ങള്‍ സാധാരണക്കാര്‍ക്കിടയില്‍ പൊലീസിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
തിരുവനന്തപുരം സിറാജ് ദിനപത്രത്തിന്റെ ബ്യൂറോ ചീഫായ കെ.എം ബഷീറാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.