നൃത്തത്തോടൊപ്പം ബോധവത്കരണം; സോഷ്യല്‍മീഡിയയില്‍ താരമായി ഷുഭി ജെയിന്‍

ട്രാഫിക് നിയമങ്ങള്‍ പാലിക്കണം എന്ന് അഭ്യര്‍ത്ഥിച്ച് പലരും ബോധവത്കരണം നടത്താറുണ്ട്. പൊലീസുകാര്‍ മാത്രമല്ല, വിദ്യാര്‍ത്ഥികളും പല മേഖലയില്‍ ജോലി ചെയ്യുന്നവരും അത്തരം പ്രവൃത്തികള്‍ ചെയ്യാറുണ്ട്.

ഒരിക്കല്‍ രഞ്ജിത്ത് സിംഗ് എന്ന ട്രാഫിക് പൊലീസുകാരന്‍ മൈക്കിള്‍ ജാക്‌സന്റെ ഡാന്‍സ് ഏറ്റെടുത്ത് ബോധവത്കരണം നടത്തിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ അടക്കം വലിയ ചര്‍ച്ചയായിരുന്നു അദ്ദേഹത്തിന്റെ മൂണ്‍ വോക്ക്. എന്നാല്‍ അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് ഒരു എം.ബി.എ വിദ്യാര്‍ത്ഥിനിയും ഡാന്‍സിനോടൊപ്പം ഉള്ള ബോധവത്കരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഷുഭി ജെയിനാണ് ഇന്ന് സമൂഹ മാധ്യമങ്ങളിലെ താരം.

മാധ്യപ്രദേശിലെ ഇഡോറിലാണ് സംഭവം. സിഗ്‌നല്‍ വരുമ്പോള്‍ തൊഴു കയ്യോടെ മുന്നറിയിപ്പുകളുമായി യാത്രക്കാരുടെ മുമ്പില്‍ എത്തുന്ന ഷുഭിയെ വീഡിയോയില്‍ കാണാം. ചില രസകരമായ നൃത്ത ചുവടുകളോടെ ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കാന്‍ യാത്രക്കാരോട് ഷുഭി ആവശ്യപ്പെടുന്നു.

പതിനഞ്ച് ദിവസത്തെ ഇന്റേണ്‍ഷിപ്പിനായി ഇന്‍ഡോറിലെത്തിയ എം.ബി.എ വിദ്യാര്‍ത്ഥിനിയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഷുഭിയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ട്രാഫിക് കൈകാര്യം ചെയ്യുന്നതിന് എനിക്ക് മുന്‍ പരിചയമൊന്നുമില്ല. ഇന്‍ഡോറിലെത്തിയപ്പോള്‍, ഒരു ട്രാഫിക് പൊലീസുകാരന്‍ തന്റെ ജോലിയോട് കാണിക്കുന്ന ആത്മാര്‍ത്ഥത എന്നെ വല്ലാതെ ആകര്‍ഷിച്ചുവെന്നും ഷുഭി ജെയിന്‍ പറയുന്നു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ഷുഭി ജെയിനിനെ പ്രകീര്‍ത്തിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

Top