ഡെങ്കി ബാധിച്ച് ചികിത്സയിലായിരുന്ന ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മന്‍ ഗിലിന്റെ അസുഖം ഭേദമായിക്കൊണ്ടിരിക്കുന്നു എന്ന് റിപ്പോര്‍ട്ട്. ചെന്നൈയിലെ ആശുപത്രിയിലായിരുന്ന താരം ഇന്ന് ചെന്നൈ വിടുമെന്നാണ് റിപ്പോര്‍ട്ട്. താരം നാളെ അഹമ്മദാബാദിലെത്തുന്ന ഇന്ത്യന്‍ ടീമിനൊപ്പം ചേരും. എങ്കിലും ഈ മാസം 14ന് പാകിസ്താനെതിരെ നടക്കുന്ന മത്സരത്തില്‍ താരം കളിക്കുമോ എന്ന് ഉറപ്പില്ല. താരത്തിന് ലോകകപ്പില്‍ ഒരു മത്സരം കളിക്കാന്‍ ഏറെ കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന.
പ്ലേറ്റ്‌ലറ്റ് കൗണ്ട് കുറഞ്ഞതിനാലാണ് ഗില്ലിനെ ചെന്നൈയിലെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. മുന്‍കരുതലെന്ന നിലയിലാണ് ഗില്ലിനെ ആശുപത്രിയിലാക്കിയിരുന്നത് എന്നും നിലവില്‍ താരം ഹോട്ടല്‍ റൂമിലാണെന്നും ബാറ്റിംഗ് കോച്ച് വിക്രം റാത്തോര്‍ അറിയിച്ചിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരം നഷ്ടമായ ഗില്‍ അഫ്ഗാനിസ്താനെതിരെയും കളിക്കില്ല.
ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 2 മണിക്കാണ് അഫ്ഗാനിസ്താനെതിരായ ഇന്ത്യയുടെ മത്സരം ആരംഭിക്കുക. ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ഇറങ്ങുക. അഫ്ഗാനിസ്താനാവട്ടെ, ബംഗ്ലാദേശിനെതിരായ ആദ്യ കളി പരാജയപ്പെട്ടു. ഡെങ്കി ബാധിച്ച ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ ഇന്നും ഇന്ത്യക്കായി കളിക്കില്ല.