ഹൈദരാബാദ്: ഇരട്ട സെഞ്ചുറിയുമായി ശുഭ്‌മാന്‍ ഗില്‍. ന്യൂസിലന്‍ഡിന് എതിരായ ഒന്നാം ഏകദിനത്തില്‍ 49-ാം ഓവറിലെ ആദ്യ മൂന്ന് പന്തും ഗാലറിയിലെത്തിച്ച് ഗില്‍ 200 തികച്ചപ്പോള്‍ ഇന്ത്യക്ക് പടുകൂറ്റന്‍ സ്‌കോര്‍. ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തെ ത്രസിപ്പിച്ച് ഗില്ലാടിയ മത്സരത്തില്‍ ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 349 റണ്‍സ് നേടി. 145 പന്തിലായിരുന്നു ഗില്ലിന്റെ ഡബിള്‍. ഓപ്പണറായി ഇറങ്ങിയ ഗില്‍ 48.2 ഓവറും ക്രീസില്‍ നിന്ന ശേഷം 149 പന്തില്‍ 19 ഫോറും 9 സിക്‌സറും സഹിതം 208 റണ്‍സെടുത്താണ് മടങ്ങിയത്.
മികച്ച തുടക്കമാണ് ഹൈദരാബാദില്‍ രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 12.1 ഓവറില്‍ 60 റണ്‍സ് ചേര്‍ത്തു. 38 പന്തില്‍ 34 റണ്‍സെടുത്ത ഹിറ്റ്‌മാനെ ടിക്‌നെര്‍ മടക്കിയപ്പോള്‍ മൂന്നാമന്‍ കോലിക്ക് പിഴച്ചു. സ്വപ്‌ന ഫോമിലുള്ള കിംഗിനെ മിച്ചല്‍ സാന്റ് നര്‍ ഒന്നാന്തരമൊരു പന്തില്‍ ബൗള്‍ഡാക്കി. കാര്യവട്ടത്ത് ലങ്കയ്ക്ക് എതിരായ അവസാന ഏകദിനത്തില്‍ കോലി 110 പന്തില്‍ 166* റണ്‍സ് നേടിയിരുന്നു. ഹൈദരാബാദില്‍ 10 പന്തില്‍ എട്ട് റണ്‍സേ കോലിക്കുള്ളൂ. നാലാമനായി ക്രീസിലെത്തിയ ഇഷാന്‍ കിഷന്‍ 14 പന്തില്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത് ലോക്കീ ഫെര്‍ഗ്യൂസന്റെ പന്തില്‍ എഡ്‌ജായി വിക്കറ്റിന് പിന്നില്‍ ടോം ലാഥമിന്റെ കൈകളിലെത്തി. തന്റെ അവസാന ഏകദിനത്തില്‍ ബംഗ്ലാദേശിനെതിരെ റെക്കോര്‍ഡ് ഇരട്ട സെഞ്ചുറി(131 പന്തില്‍ 210) നേടിയ താരമാണ് കിഷന്‍.
26 പന്തില്‍ 31 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിനെ ഡാരില്‍ മിച്ചല്‍, സാന്റ് നറുടെ കൈകളിലെത്തിച്ചെങ്കിലും ഒരറ്റത്ത് നിലയുറപ്പിച്ചിരുന്ന ശുഭ്‌മാന്‍ ഗില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടി. ശ്രീലങ്കക്കെതിരായ അവസാന ഏകദിനത്തില്‍ സെഞ്ചുറി നേടിയതിന് പിന്നാലെ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും സെഞ്ചുറി നേടിയ ഗില്‍ ഏകദിനത്തില്‍ അതിവേഗം 1000 റണ്‍സ് തികക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡ് അടിച്ചെടുത്തു. 87 പന്തില്‍ കരിയറിലെ മൂന്നാം ഏകദിന സെഞ്ചുറിയിലെത്തിയ ഗില്‍ 19 ഇന്നിംഗ്സുകളില്‍ നിന്ന് 1000 റണ്‍സ് പൂര്‍ത്തിയാക്കി.
38 പന്തില്‍ 28 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യ, ഡാരില്‍ മിച്ചലിന്റെ 40-ാം ഓവറിലെ നാലാം പന്തില്‍ മൂന്നാം അംപയറുടെ വിവാദ തീരുമാനത്തില്‍ പുറത്തായത് തിരിച്ചടിയായി. 40 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 251-5 എന്ന നിലയിലായിരുന്നു ഇന്ത്യ. അടി തുടര്‍ന്ന ഗില്‍ 43-ാം ഓവറില്‍ 122 ബോളില്‍ സിക്‌സോടെ 150 തികച്ചു. പിന്നാലെ വാഷിംഗ്‌ടണ്‍ സുന്ദര്‍(14 പന്തില്‍ 12) പുറത്തായെങ്കിലും ഇന്ത്യ 46-ാം ഓവറില്‍ 300 കടന്നു. വാഷിംഗ്‌ടണ്‍ സുന്ദറും(14 പന്തില്‍ 12), ഷര്‍ദ്ദുല്‍ ഠാക്കൂറും(4 പന്തില്‍ 3) പുറത്തായെങ്കിലും 49-ാം ഓവറിലെ ആദ്യ മൂന്ന് പന്തുകളിലും സിക്‌സുകളുമായി ഗില്‍ തന്റെ കന്നി ഇരട്ട സെഞ്ചുറി തികച്ചു. ഇന്നിംഗ്‌സിലെ അവസാന ഓവറിലെ രണ്ടാം പന്തില്‍ ഗ്ലെന്‍ ഫിലിപ്‌സിന്റെ പറക്കും ക്യാച്ചില്‍ മടങ്ങും വരെ ഗില്ലിന്റെ ഐതിഹാസിക ഇന്നിംഗ്‌സ് നീണ്ടു. 50 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ കുല്‍ദീപ് യാദവ് ആറ് പന്തില്‍ അഞ്ചും മുഹമ്മദ് ഷമി 2 പന്തില്‍ രണ്ടും റണ്‍സുമായി പുറത്താകാതെ നിന്നു.