കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഷുഹൈബ് വധം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ നീക്കം. ഇതു സംബന്ധമായി ഷുഹൈബിന്റെ മാതാപിതാക്കളുമായി സംസാരിച്ച് ഉടന്‍ തന്നെ നിലപാട് സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം വ്യക്തമാക്കി.
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളടക്കം 19 കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചെന്ന പ്രതിപക്ഷ നേതാവിന്റെ ആക്ഷേപവും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉള്ളപ്പോള്‍ തന്നെ സുനിയുള്‍പ്പെടെ പലരും പുറത്തിറങ്ങാറുണ്ടെന്ന കെ.സുധാകരന്റെ ആരോപണവും അതിവ ഗുരുതരമുള്ളതാണ്.
മുന്‍പ് ഒരു കേസില്‍ ജയിലില്‍ അടക്കപ്പെട്ട ഷുഹൈബിനെ സ്‌പെഷ്യല്‍ ജയിലിലേക്ക് മാറ്റി കൊലപ്പെടുത്താന്‍ നീക്കം നടന്നതായും കോണ്‍ഗ്രസ്സ് നേതാക്കള്‍ ആരോപിക്കുന്നുണ്ട്. ടി.പി.ചന്ദ്രശേഖരനെ കൊന്നതിന് സമാനമായ കൊലപാതകമായതിനാല്‍ സുനി ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമിട്ടാണ് കരുനീക്കം.
51 വെട്ടാണ് ടി.പി ചന്ദ്രശേഖരന് കിട്ടിയതെങ്കില്‍ 37 വെട്ടാണ് ഷുഹൈബിന് ലഭിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയും പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടും നിരാഹാര സമരം നടത്താന്‍ രമേശ് ചെന്നിത്തലയും സുധാകരനും തീരുമാനിച്ചിട്ടുണ്ട്. 19-നാണ് നിരാഹാരസമരം ആരംഭിക്കുന്നത്.
സി.ബി.ഐ അന്വേഷണം വന്നാല്‍ ഈ കേസില്‍ കൊടി സുനി ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ ടി.പി കേസിലെ ഗൂഢാലോചനയടക്കം പുറത്തു കൊണ്ടു വരുവാന്‍ കഴിയുമെന്നാണ് നേതാക്കളുടെ കണക്ക് കൂട്ടല്‍.
സി.ബി.ഐ അന്വേഷണത്തിനു വേണ്ടി നിയമ നടപടി സ്വീകരിക്കാന്‍ ആര്‍.എം.പി നേതൃത്വവും കോണ്‍ഗ്രസ്സ് നേതൃത്വത്തിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
ബി.ജെ.പിയാകട്ടെ, സി.ബി.ഐ അന്വേഷണ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി വരികയാണെങ്കില്‍ കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കുമെന്ന നിലപാടിലാണ്. ചെങ്ങന്നൂരില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഷുഹൈബ് വധം പ്രധാന പ്രചരണമാക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ഇടതു മുന്നണി അധികാരത്തില്‍ വന്നിട്ട് 22 കൊലപാതകം നടന്നു കഴിഞ്ഞതായും ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പത്ര സമ്മേളനത്തില്‍ തുറന്നടിച്ചു.
പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണന്നും മുഖം നോക്കാതെ യഥാര്‍ത്ഥ പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അറിയിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ട്: എം വിനോദ്