കൊച്ചി: ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍. ചീഫ് ജസ്റ്റിസ് ആന്റണി ഡോമിനിക് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
പൊലീസ് അന്വേഷണം കാര്യക്ഷമമായാണ് മുന്നോട്ടു പോയതെന്നും, സി.ബി.ഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് വിധി അസാധാരണവും അപക്വവും വൈകാരികവുമാണെന്നും സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ ക്രിമിനല്‍ റിട്ട് അപ്പീല്‍ നല്‍കാന്‍ നിയമപരമായി അവകാശം ഇല്ലെന്നായിരുന്നു ഷുഹൈബിന്റെ മാതാപിതാക്കളുടെ വാദം. കൊലപാതകം നടന്ന മട്ടന്നൂര്‍ പഴയ മദ്രാസ് മലബാറിന്റെ ഭാഗമായതിനാല്‍ സുപ്രിം കോടതിക്ക് മാത്രമേ റിട്ട് കേള്‍ക്കാന്‍ അധികാരമുള്ളൂ എന്നും ഷുഹൈബിന്റെ മാതാപിതാക്കളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഈ നിയമ പ്രശ്‌നം സംബന്ധിച്ചാണ് കോടതിയില്‍ ഇന്ന് വാദം നടക്കുക.