സര്‍ക്കാരിന്റെ വാദം തള്ളി ; ഷുഹൈബ് വധക്കേസ് സി.ബി.ഐയ്ക്ക് വിട്ടു

shuhaib_cbi

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണചുമതല. ജസ്റ്റിസ് കമാല്‍പാഷയുടേതാണ് വിധി. കേരളാ പൊലീസിനെതിരെ അതിരൂക്ഷ പരാമർശങ്ങൾ നടത്തിയാണ് കേസ് സിബിഐയ്ക്കു കൈമാറിയത്. അന്വേഷണത്തിൽ സംസ്ഥാന സർക്കാർ സഹായിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഷുഹൈബ് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഇന്ന് സിബിഐ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കോടതി പറയുകയാണെങ്കില്‍ അന്വേഷണം നടത്താന്‍ എതിര്‍പ്പില്ലെന്നും സിബിഐയുടെ അഭിഭാഷകന്‍ പറഞ്ഞിരുന്നു. ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സിബിഐ നിലപാട് അറിയിച്ചത്.

അതിനിടെ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. സിബിഐ അന്വേഷണം സിംഗിള്‍ ബെഞ്ചിന്റെ അധികാര പരിധിയില്‍ വരുന്നതല്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. ഷുഹൈബ് വധത്തിന് കാരണം വ്യക്തി വിരോധമാണ്. കേസില്‍ പ്രതികളായ ബിജുവും ഷുഹൈബും തമ്മിലുള്ള വ്യക്തിവിരോധമാണ് കൊലയില്‍ കലാശിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസിന്റെ അന്വേഷണം ശരിയായ രീതിയിലാണ് പൊലീസ് നടത്തുന്നത്. പ്രതികളില്‍ ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ശേഷിക്കുന്ന പ്രതികളെ ഉടനെ തന്നെ അറസ്റ്റു ചെയ്യുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

കേസന്വേഷിച്ച പോലീസിനെതിരെ കടുത്ത വിമര്‍ശനമാണ് കോടതി നടത്തിയത്. പോലീസ് അന്വേഷണത്തില്‍ ഷുഹൈബിന്റെ മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ട്. ഇപ്പോള്‍ കേസിലുള്ള പ്രതികള്‍ ആരുടെയോ കൈയിലെ ആയുധങ്ങളാണ്. അന്വേഷണ സംഘത്തിന്റെ കൈ കെട്ടിയതായി തോന്നുന്നു. പ്രതികളെ കൈയ്യില്‍ കിട്ടിയിട്ടും ആയുധം കണ്ടെത്താന്‍ കഴിഞ്ഞില്ല. ആയുധങ്ങള്‍ കണ്ടെത്തിയെന്നു പറയുന്നത് കണ്ണില്‍ പൊടിയിടാനാണെന്നും കോടതി പറഞ്ഞു.

Top