തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നടത്തിയ മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പങ്കെടുത്ത ഡി.സി.സി. പ്രസിഡന്റ് ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരേ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍. ഷുഹൈബ് വധക്കേസില്‍ പ്രതിയാക്കപ്പെട്ട സി.പി.എം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്.
പ്രതിഷേധമാര്‍ച്ച് സമാധാനപരമായിരുന്നു. എന്നാൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേര്‍ക്ക് മന:പൂര്‍വം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. മാര്‍ച്ചിന്റെ ഉദ്ഘാടകനായെത്തിയ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയെ ഡി.വൈ.എസ്.പി പ്രദീഷ് തോട്ടത്തില്‍ അസഭ്യം പറഞ്ഞതിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതിനെ തുടർന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരേ പൊലീസ് കാലപ്പഴക്കം ചെന്നതും ഉപയോഗ്യ ശൂന്യവുമായ ഗ്രനേഡ് എറിയുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തതെന്ന് ഹസൻ ആരോപിച്ചു.
ഷുഹൈബിനെ വധിച്ച പ്രതികള്‍ക്ക് ഭരണത്തിന്റെ തണലില്‍ സ്വൈരവിഹാരം നടത്താന്‍ ഒത്താശ ചെയ്യുന്ന പൊലീസ് നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത കേസ്. സി.പി.എം ഗുണ്ടകളെ പോലെയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. നിരപരാധിയായ യുവാവിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയിട്ടും അതിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതിലൂടെ സി.പി.എമ്മിന് ഈ കേസിലുള്ള ബന്ധം കൂടുതല്‍ വ്യക്തമാകുകയാണെന്നും ഹസന്‍ പറഞ്ഞു.