ഷുഹൈബ് വധക്കേസ്: സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ

shuhaib1

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കുന്നതിന് ഹൈക്കോടതിയുടെ സ്‌റ്റേ. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. വിധിക്കെതിരെ സർക്കാരിന്റെ അപ്പീൽ പരിഗണിച്ചാണ് അന്വേഷണം താൽക്കാലികമായി സ്റ്റേ ചെയ്തത്.

സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ സർക്കാർ അപ്പീൽ നിലനിൽക്കുന്നതല്ല എന്ന് ഷുഹൈബിന്റെ മാതാപിതാക്കളുടെ അഭിഭാഷകൻ വാദിച്ചു. തുടർന്ന് കേസിൽ വിശദമായി വാദം കേൾക്കുന്നതിന് ഈ മാസം 23ലേക്ക് മാറ്റി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സർക്കാരിന് വേണ്ടി സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകനും മുൻ സോളിസിറ്റർ ജനറലുമായ അമരേന്ദ്ര ശരണാണ് ഹാജരായത്.

ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. സിബിഐ തിരുവനന്തപുരം യൂണിറ്റിനായിരുന്നു അന്വേഷണ ചുമതല. കേരളാ പൊലീസിനെതിരെ അതിരൂക്ഷ പരാമർശങ്ങൾ നടത്തിയാണ് കേസ് സിബിഐയ്ക്കു കൈമാറിയത്. അന്വേഷണത്തിൽ സംസ്ഥാന സർക്കാർ സഹായിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

Top