കണ്ണൂര്‍: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം ക്രൂരമായ സംഭവമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ജനങ്ങള്‍ ഒത്തുചേരണമെന്നും, ശക്തമായ ജനമുന്നേറ്റം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് യഥാര്‍ഥ പ്രതികളെ ഏറ്റവും വേഗത്തില്‍ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കെ.സുധാകരന്‍ നടത്തുന്ന നിരാഹാരസമരത്തിന് പിന്തുണയുമായി എത്തിയപ്പോഴാണ് ഉമ്മന്‍ ചാണ്ടി ഇക്കാര്യം പറഞ്ഞത്.
സമരം നടത്തുന്ന സുധാകരന് ആശംസകള്‍ നേര്‍ന്നതിന് ശേഷമാണ് അദ്ദേഹം തിരികെ പോയത്. ഷുഹൈബിന്റെ വീട്ടില്‍ ചെന്ന് പിതാവിനെ കണ്ടെന്നും, പ്രദേശിക നേതാക്കളെ കണ്ട് കാര്യങ്ങള്‍ അന്വേഷിച്ചുവെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.
അതേസമയം, ഡിജിപിയുടെ പ്രസ്താവന ആശയകുഴപ്പം സൃഷ്ടിക്കുന്നുവെന്നും, സിപിഎം ഒരു ഭീകരസംഘടനയായി മാറിയിരിക്കുന്നുവെന്നും പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിട്ടുണ്ട്.