അറസ്റ്റിലായവര്‍ യഥാര്‍ഥ പ്രതികളാണോയെന്ന് പാര്‍ട്ടി പരിശോധിക്കും; പി ജയരാജന്‍

p jayarajan

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ യഥാര്‍ഥ പ്രതികളാണോയെന്ന് പാര്‍ട്ടി പരിശോധിക്കുമെന്ന് കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍.

നിലവില്‍, അറസ്റ്റിലായ ആകാശ് തില്ലങ്കേരി പാര്‍ട്ടി അംഗമാണെന്നും,എന്നാല്‍, കൃത്യത്തില്‍ ആകാശിന് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും ജയരാജന്‍ പറഞ്ഞു. പൊലീസിന്റെ അന്വേഷണം ശരിയാണോയെന്ന് പരിശോധിക്കുമെന്നും, ഇക്കാര്യത്തില്‍ പാര്‍ട്ടിക്കും അന്വേഷിക്കേണ്ടതുണ്ടെന്നും ജയരാജന്‍ പറഞ്ഞു. സര്‍വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയരാജന്‍.

സമരനാടകം തുടരാന്‍ വേണ്ടിയാണ് യു.ഡി.എഫ് ഇന്ന് സര്‍വകക്ഷിയോഗം ബഹിഷ്‌കരണ നാടകം നടത്തിയതെന്നും അത് അങ്ങേയറ്റം പരിഹാസ്യമാണെന്നും, മുസ്ലിം ലീഗും ഒപ്പം ചേര്‍ന്നത് പരിതാപകരമാണെന്നും അദ്ദേഹം പറഞ്ഞു.

അറസ്റ്റിലായ ആകാശ് തില്ലങ്കരിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചകളില്‍ അടക്കം സി.പി.എം നേതാക്കള്‍ വാദിച്ചിരുന്നത്. ഇതിനെ തള്ളിക്കൊണ്ടാണ് ഇപ്പോള്‍ സി.പി.എം ജില്ലാ സെക്രട്ടറി തന്നെ രംഗത്ത് വന്നരിക്കുന്നത്.

Top