കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ ‘നേരറിയാന്‍ സിബിഐ’ വരുന്നതോടെ കേരള രാഷ്ട്രീയവും കലുഷിതമാകും. ഈ കേസില്‍ കേരള പൊലീസ് ഇനിയൊന്നും ചെയ്യേണ്ടതില്ലന്ന് ഹൈക്കോടതി സിബിഐ അന്വേഷണ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഷുഹൈബ് വധക്കേസില്‍ ഇപ്പോള്‍ പൊലീസ് അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകന്‍ ആകാശ് ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിലുപരി സി.ബി.ഐ മറ്റു ചില മേഖലകളിലേക്ക് കൂടി അന്വേഷണം നീട്ടാനാണ് സാധ്യത.
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ പ്ലാന്‍ ചെയ്ത് നടത്തിയ കൊലപാതകമാണെന്ന യു.ഡി.എഫ് ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഈ പ്രതികള്‍ പരോളില്‍ പുറത്തിറങ്ങിയത് സംബന്ധമായ രേഖകളും ജയിലിനുള്ളിലെ ഫോണ്‍ വിശദാംശങ്ങളുമെല്ലാം പരിശോധിക്കാനുള്ള സുവര്‍ണ്ണാവസരവും സി.ബി.ഐക്ക് ലഭിക്കും. ആരോപണത്തില്‍ അല്പമെങ്കിലും ‘കഴമ്പുണ്ടെങ്കില്‍’ ടി.പി കേസിലെ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
സാധാരണ ഗതിയില്‍ ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമേ അന്വേഷണ പരിധിയില്‍ വരുന്നൊള്ളൂ എങ്കിലും സി.ബി.ഐ ‘ഓവര്‍ സ്മാര്‍ട്ടായാല്‍ ‘ ഇവര്‍ പങ്കാളികളായ മറ്റു കേസുകളിലെ ഗൂഢാലോചന സംബന്ധമായ വിവരങ്ങളും പുറത്ത് കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് ചന്ദ്രശേഖരന്റെ പാര്‍ട്ടിയായ ആര്‍എംപിയും പ്രതീക്ഷിക്കുന്നത്. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, പി ജയരാജന്‍ എന്നിവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് ആര്‍എംപിയുടെ ആരോപണം.
ടി.പി ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഢാലോചനക്കേസ് സി.ബി.ഐ അന്വേഷിക്കാത്തത് സംബന്ധിച്ച് വലിയ ആക്ഷേപങ്ങള്‍ നില നില്‍ക്കുന്ന സാഹചര്യത്തില്‍ ഷുഹൈബ് കേസില്‍ പിടിച്ച് ടി.പി ഗൂഢാലോചനയിലും തുമ്പുണ്ടാക്കണമെന്നതാണ് ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വങ്ങളും താല്‍പ്പര്യപ്പെടുന്നത്.
കേന്ദ്ര സര്‍ക്കാറിനെ കേരള ഘടകം നേതാക്കള്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മാത്രമല്ല സമീപ കാലത്ത് കണ്ണൂരില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് -ബി.ജെ.പി പ്രവര്‍ത്തകരുടെ കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചനയും ഈ അന്വേഷണത്തോടെ തെളിയുമെന്ന ആത്മവിശ്വാസത്തോടെയാണ് തന്ത്രപരമായ പുതിയ നീക്കം.
ലോകസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കാന്‍ ലഭിക്കുന്ന നല്ല അവസരമായി കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ഷുഹൈബ് വധക്കേസിനെ കാണുന്നുണ്ട്. ഇത്തരത്തില്‍ സി.ബി.ഐ അന്വേഷണം ഇനി ‘വഴി’ തിരിച്ചു വിട്ടാലും രാഷ്ട്രീയ പകപോക്കല്‍ ആരോപിക്കാന്‍ യു.ഡി.എഫിന് പോലും കഴിയില്ലെന്നതും ബി.ജെ.പിക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്.
സി.ബി.ഐ ബി.ജെ.പിയുടെ ബി ടീമാണെന്ന് കോണ്‍ഗ്രസ്സ് ദേശീയ തലത്തില്‍ ആരോപിച്ചിരിക്കെയാണ് കേരള ഘടകം ഷുഹൈബ് വധ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ തള്ളിയാണു ഹൈക്കോടതി ഷുഹൈബ് വധക്കേസില്‍സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഷുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ ഉത്തരവ്.
സര്‍ക്കാരിനെതിരേ അതിരൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയ കോടതി കേസിലെ പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സിബിഐയെ സഹായിക്കണമെന്നും കോടതി ഉത്തരവിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.